പത്തനംതിട്ട: ജില്ലയില്‍ മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 48 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലേക്കു മാറ്റി.
ഇതോടെ പത്തനംതിട്ട ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 17 ആയി. ഇവരില്‍ ഒമ്പതുപേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സയിലുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22നാണ് 48 കാരന് വിദേശത്തുനിന്നെത്തിയത്.
കാര്യമായ സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിച്ചുകൂട്ടുകയായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നുവെങ്കിലും ദുബായില്‍ നിന്നെത്തിയ ആളെന്ന നിലയിലും സഞ്ചരിച്ച വിമാനത്തില്‍ മറ്റു ചില യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യവും കണക്കിലെടുത്ത് പരിശോധന നടത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ടെത്തി. തുടര്‍ന്ന് ഐസൊലേഷനിലാക്കി. മാര്‍ച്ച് 18, 19 തീയതികളില്‍ ദുബായ് ആസ്റ്റര്‍ ക്ലിനിക്കിലായിരുന്ന ഇയാള്‍ അല്‍ക്കൂസ് കമ്യൂണിറ്റി വില്ലയിലെ താമസസ്ഥലത്തെത്തിയശേഷം 22നു പുലര്‍ച്ചെ 2.05നു ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യയുടെ എഐ 968 വിമാനത്തില്‍ തിരുവനന്തപുരത്തേക്കു തിരിച്ചു.
22നു രാവിലെ തിരുവനന്തപുരത്തിറങ്ങി. ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ യാത്രാ മേഖലയില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇയാളുടെ റൂട്ട്മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചുവെങ്കിലും സമ്പര്‍ക്കപട്ടികയില്‍ അധികം ആളുകള്‍ ഉണ്ടാകാനിടയില്ലെന്നാണ് സൂചന. ജില്ലയില്‍ കോവിഡ് ബാധിച്ചു ചികിത്സ തേടുന്നവരില്‍ വിദേശത്തുനിന്നെത്തിയ പത്താമത്തെയാളാണിത്. ഇവരില്‍ ആറുപേരും ദുബായ്, ഷാര്‍ജ മേഖലയില്‍ നിന്നെത്തിയവരാണ്.