തിരുവനന്തപുരം: സംസ്ഥാനത്ത് സന്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സ്രോതസ് തിരിച്ചറിയാത്ത രോഗികളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പ്.
വയനാട്ടിൽ ആറുപേരും മലപ്പുറത്ത് അഞ്ചുപേരും കാസർഗോഡ്, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ രണ്ടുപേർ വീതവും കണ്ണൂർ, പാലക്കാട്, ഇടുക്കി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നാലുപേർ വീതവും രോഗികൾ രോഗസ്രോതസ് ഇനിയും കണ്ടെത്താത്തവരാണ്.
സ്രോതസ് അറിയാത്ത രോഗികൾ സമൂഹവ്യാപനത്തിന്റെ ലക്ഷണമാണെന്ന ചില റിപ്പോർട്ടുകളെത്തുടർന്ന് സ്രോതസ് അറിയാത്ത രോഗികളെപ്പറ്റി കൂടുതൽ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ ആരോഗ്യപ്രവർത്തകരുൾപ്പെടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 83 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 14 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. തൃശൂർ കോർപറേഷനിലെ നാലു ശുചീകരണ തൊഴിലാളികളും വെയർഹൗസിലെ നാലു ജീവനക്കാരും രോഗബാധിതരിൽ പെടുന്നു.
ഇന്നലെ 62 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 2,18,949 പേർ നിരീക്ഷണത്തിലുണ്ട്. ഒരു ലക്ഷത്തിലേറെ സാന്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇന്നലെ പാലക്കാട്ട് പുതിയതായി രണ്ടു ഹോട്ട് സ്പോട്ടുകളുണ്ട്.
35 ഹോട്ട് സ്പോട്ടുകൾ ഒഴിവായി. മൊത്തം ഹോട്ട് സ്പോട്ടുകൾ 113 ആണ്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ഇതുവരെ 2,19,492 പേരാണ് കേരളത്തിലേക്ക് എത്തിയത്. ഇവരിൽ 82.29 ശതമാനം പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്.