കോഴിക്കോട്: വെള്ളയിലെ ഫ്ളാറ്റിലെ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നഗരത്തില്‍ അതി ജാഗ്രത. രോഗബാധിതരുടെ ഉറവിടം തിരിച്ചറിയാനാവാത്തതിനെ തുടര്‍ന്നാണ് കോര്പറേഷന് പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗംകൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഉറവിടമറിയാത്ത കേസുകള്‍ വരുന്നത് സമൂഹവ്യാപനം എന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ജില്ലയില്‍ ഇതുവരെ എട്ടുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗംവന്നത്. വെള്ളയിലെ ഫ്ളാറ്റില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫ്ളാറ്റിലെ 31 പേരെയും ക്വാറന്റീനിലാക്കി. പോസ്റ്റീവായ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം 27 ന് വെള്ളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന് ജോലി ചെയ്തിരുന്ന ഫ്ളാറ്റിലുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി കൃഷ്ണന്റെ സമ്പര്‍ക്കത്തിലൂടെയാണ് ഫ്ളാറ്റിലുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന.
എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗംവന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷ്ണന്റെ കുടുംബത്തിലുള്ളവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ട് ഫ്ളാറ്റില്‍ നിന്നാവാം രോഗവ്യാപനം എന്ന നിഗമനത്തിലാണ് അധികൃതര്‍.
വലിയങ്ങാടിയിലെ വ്യാപാരിക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപട്ടിക ഏറെ സങ്കീര്‍ണമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വലിയങ്ങാടിയിലും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് പരിശോധനയും ഇവിടങ്ങളില്‍ ശക്തമാക്കി.
കൊച്ചി നഗരത്തില്‍ വ്യാപക പരിശോധന
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലിത്തില്‍ കൊച്ചി നഗരത്തില്‍ പോലീസിന്റെ വ്യാപക പരിശോധന. എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറു മുതലാണ് പരിശോധന ആരംഭിച്ചത്. കലൂരില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്ത് പരിശോധന നടത്തി.
സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിനാണ് പരിശോധന നടത്തിയത്. കൂടാതെ കലൂര്‍, കടവന്ത്ര മാര്‍ക്കറ്റുകളിലും പോലീസ് പരിശോധന നടത്തി. ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാവിലെ 8.30 വരെ 22 പേര്‍ക്കെതിരേ നടപടിയെടുത്തു. കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്ത് മാസ്ക് ധരിക്കാതെ എത്തിയ 15 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ടു കടകള്‍ അടപ്പിക്കുകയും ചെയ്തു. കടവന്ത്ര മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാതെ എത്തിയ ഏഴ് പേര്‍ക്കെതിരേയാണ് നടപടിയെടുത്തത്. ഇതുകൂടാതെ നഗരത്തിന് പുറത്ത് വരാപ്പുഴ മാര്‍ക്കറ്റിലും പോലീസിന്റെ പരിശോധനയുണ്ടായിരുന്നു.
കൂടുതല്‍ ആളുകളെ മാര്‍ക്കറ്റിലേക്ക് കടത്തിവിട്ടില്ല. എറണാകുളം മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊച്ചി നഗരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ട്രിപ്പിള്‍ ലോക്ഡൗണിന്റെ സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.
അടച്ചുപൂട്ടി തിരുവനന്തപുരം
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമുൾപ്പെടെ നിരോധിച്ചു.
മരുന്ന് കടകൾ മാത്രമാണ് പ്രവർത്തിക്കുക. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
സന്പർക്കത്തിലൂടെയുള്ള രോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്.
ബാക്കി റോഡുകൾ മുഴുവൻ അടച്ചു.പൊതുഗതാഗതത്തിനും സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. അതേസമയം, ആശുപത്രികൾ എല്ലാം പ്രവർത്തിക്കുമെന്നും മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും. പെട്രോൾ പന്പുകളും ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെന്ററുകളും പ്രവർത്തിക്കും. മാധ്യമ പ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാനും അനുമതി ഉണ്ട്.