പത്തനംതിട്ട: ഉറവിടം വ്യക്തമാകാത്ത രോഗം സ്ഥിരീകരിച്ച പലരുടെയും കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവായതോടെ വ്യാപനത്തോത് കൂടുന്നു. രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവായ ഇവരില്‍ പലരുടെയും പൊതുസമ്പര്‍ക്കം രോഗപ്പകര്‍ച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.
കുമ്പഴ എസ്റ്റേറ്റില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച ടാപ്പിംഗ് തൊഴിലാളിയുടെ സമ്പര്‍ക്കത്തില്‍ അഞ്ചുപേര്‍ കൂടി ഇന്നലെ പോസിറ്റീവായി. ഇരവിപേരൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ഹാര്‍ഡ് വെയര്‍ വ്യാപാരിയുടെ സമ്പര്‍ക്കത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഏഴു പേര് കൂടി രോഗബാധിതരായി. ഇവരില്‍ രണ്ട് കുട്ടികള്‍ കൂടിയുണ്ട്.
മെഴുവേലി ആംബുലന്‍സ് ഡ്രൈവറുടേയും കലഞ്ഞൂരില്‍ ആയുര്‍വേദ ആരോഗ്യപ്രവര്‍ത്തകയുടെയും കല്ലൂപ്പാറയിലെ മേസ്തിരി ജോലിക്കാരന്റെയും സമ്പര്‍ക്കപ്പട്ടികയില്‍ രണ്ടുപേര്‍ വീതം പോസിറ്റീവായി.
നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന അടൂരിലെ ബാര്‍ബര്‍, കടമ്പനാട് പഞ്ചായത്ത് മെംബര്‍, നെടുമ്പ്രം ടീ ഷോപ്പ് ഉടമ, അടൂരിലെ കിണര്‍ റിംഗ് നിര്‍മാണ തൊഴിലാളി എന്നിവരുടെ സമ്പര്‍ക്കപ്പട്ടികയില്‍പെട്ട ഓരോരുത്തര് വീതം ഇന്നലെ പോസിറ്റീവായിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ജില്ലയില്‍ വിദേശ, ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടെ സമ്പര്‍ക്കത്തിലുള്ളവരാണ്. എറണാകുളവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തില്‍ ഇലന്തൂര്‍, കുന്നന്താനം എന്നിവിടങ്ങളില്‍ ഓരോരുത്തര് കോവിഡ് പോസിറ്റീവായി. തിരുവനന്തപുരം സമ്പര്‍ക്കത്തില്‍ മല്ലപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു ഡോക്ടറും പറക്കോട് സ്വകാര്യ ക്ലീനിക്കിലെ പോരുവഴി സ്വദേശിയായ നഴ്സും ഉള്‍പ്പെടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇന്നലെ രോഗബാധിതരായി.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാര്‍ക്ക് കോട്ടയം ജില്ലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തില്‍ മറ്റു മൂന്നുപേര്‍ കൂടി രോഗികളായി.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായ ഒരാളുടെ ഫലം ആര്‍ടിപിസിആറില്‍ പോസിറ്റീവായതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. കുമ്പഴ ക്ലസ്റ്ററില്‍ നിന്ന് രണ്ടുപേര്‍ കൂടിയും കായംകുളം ബന്ധത്തില്‍ ഏഴുപേരും ഇന്നലെ പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നു.