ശാസ്താംകോട്ട: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മത്സ്യവ്യാപാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ടയും സമീപ പഞ്ചായത്തുകളിലെ പരിസര പ്രദേശങ്ങളും സമൂഹവ്യാപന ഭീതിയിലായി.
മത്സ്യവ്യാപാരിയുടെ സഞ്ചാരപഥം വളരെ വ്യാപകമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മുന്നൂറോളം പേർ ആന്റി ബോഡി പരിശോധനയ്ക്കായി എത്തി. കോവിഡ് 19 സാമൂഹ വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക മെഡിക്കൽ സംഘം പഠനം നടത്താനായി ശാസ്താംകോട്ടയിലെത്തി.
ഡോ. വിൻസിയും ഡോ. പ്രതിഭയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സ്ഥിതിഗതി വിലയിരുത്താൻ എത്തിയത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രി സന്ദർശിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മെഡിക്കൽ സംഘത്തിന്റെ നേത്യത്വത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു. കണ്ടയ്ൻമെന്റ് സോണുകയായി പ്രഖ്യാപിച്ച ശാസ്താംകോട്ടയും മൈനാഗപ്പള്ളി പഞ്ചായത്തിലെയും ശൂരനാട് തെക്ക് പഞ്ചായത്തുകളിലെയും വാർഡുകൾ അതീവ ജാഗ്രതയിലാണ്.
കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം കൂടുതൽ ഏർപ്പെടുത്തി. ഇവിടത്തെ ഇടറോഡുകൾ പൂർണമായി പോലീസ് അടച്ചു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാക്കി. കൂടാതെ പ്രദേശങ്ങളിലെ മുഴുവൻ കളി സ്ഥലങ്ങളിലെയും പ്രവേശനം നിരോധിച്ചു.