ശാസതാംകോട്ട: ശാസ്താംകോട്ടയിലും തേവലക്കരയിലും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധന കേന്ദ്രം ആരംഭിച്ചു. നിലവിൽ അരിനല്ലൂരും ശാസ്താംകോട്ടയിലും സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
കോവൂർ വാർഡിൽ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ജയലക്ഷ്മി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഘുനാഥൻ പിള്ള, അംഗങ്ങളായ ശാന്തകുമാരി, വൈ ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
മൈനാഗപ്പള്ളിയിൽ കോവിഡ് പരിശോധനാ കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു. കൊടികുന്നിൽ സുരേഷ് എംപി അടക്കമുള്ളവർ സംഭവത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് പരിശോധന ശക്തമാക്കി
കൊല്ലം: സിറ്റിയിൽ കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് പരിശോധന ശക്തമാക്കി. കോവിഡ് -19 വ്യാപനം വർധിച്ചതിനെത്തുടർന്ന് സുസജ്ജമായ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പോലീസ് ഒരുക്കിയിരിക്കുന്നത്.
കണ്ടെ യിൻമെന്റ് സോണുകളിൽ ഡ്രോണ് ഉപയോഗിച്ചുള്ള നിരീക്ഷണവും പരിശോധനകളും ശക്തമാക്കി. കണ്ടെയിൻമെന്റ് സോണിലുള്ളവർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യാതൊരു കാരണവശാലും വീട് വിട്ട് പുറത്തു പോകാൻ പാടില്ല.
ഹോം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർ നിരീക്ഷണ കേന്ദ്രം വിട്ട് പുറത്ത് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, പോലീസ് വോളന്റിയേഴ്സ് എന്നിവർ നിരന്തരം ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പരിശോധന നടത്തിവരുന്നു.
സൈബർ സെല്ലിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ സ്റ്റേഷൻ പരിധികളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 43 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 328 പേർക്കെതിരെ നടപടി സ്വീകരിച്ചു.
നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 128 പേർക്കെതിരെ നടപടി സ്വീകരിച്ചു പിഴ ഈടാക്കി.
സർക്കാർ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.