കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒരു സ്കൂളിലെ 17 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തലക്കളുത്തൂര് സിഎംഎം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ സ്കൂള്‍ അടച്ചു പൂട്ടി.
സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥിയോടൊപ്പം കളിച്ച കുട്ടിയില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നത്.
കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത്, സ്കൂള്‍ അധികൃതരും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം സ്കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ പരിശോധന ഇന്ന് നടത്തും. തലക്കുളത്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് പരിശോധന നടത്തുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികളുള്‍പ്പെടെ തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ഇന്നലെ മാത്രം 49 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞാഴ്ച പൊന്നാനിയിലെ ഒരു സ്കൂളില്‍ കൂട്ടത്തോടെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പല സ്കൂളുകളും ഇവ പാലിക്കുന്നതില്‍ അയവു വരുത്തിയതായി ആരോപണമുയരുന്നുണ്ട്. തിരക്കുള്ള ബസുകളിലും മറ്റും യാത്ര ചെയ്താണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.