ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകാതെ സ്കൂൾ തുറക്കൽ സാധ്യമാവില്ലെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. രാജ്യത്തെ അധ്യാപകരുമായി നടത്തിയ വീഡിയോ കോണ്‍ഫ്രൻസിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്കൂളുകൾ തുറന്നാലും പുതിയ പഠന രീതികൾ അവലംബിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എൻസിആർആർടി( നാഷണൽ കൗണ്‍സിൽ ഓഫ് എഡ്യൂക്കഷേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഇക്കാര്യത്തിൽ വേണ്ട മാർഗനിർദേശങ്ങൾ തയാറാക്കിവരികയാണെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളുടെ ഇരിപ്പിടങ്ങളുടെ ക്രമീകരണം, ക്ലാസ്മുറിയിലെ പഠനത്തിന്റെ സമയം പുതുക്കൽ, ക്ലാസുകൾ പ്രത്യേക വിഭാഗങ്ങളായി വേർതിരിക്കൽ തുടങ്ങിയ ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ അധ്യായന വർഷത്തിൽ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
കോളജ് വിദ്യാഭ്യാസത്തെ സംബന്ധിച്ച് തീരുമാനങ്ങൾ യുജിസി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ മാത്രമേ കോളജുകൾ തുറക്കാൻ സാധ്യതയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.