ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ മഹാമാരിയെ ഇപ്പോൾ പിടിച്ചുകെട്ടിയില്ലെങ്കിൽ രാജ്യവ്യാപകമായി പടർന്നു പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർണായകമായ തീരുമാനങ്ങൾ സ്വീകരിച്ച് കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിർത്തണം. കോവിഡിനെതിരായ പോരാട്ടത്തിൽ ആർജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്.
നമ്മൾ നേടിയ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിൽ ബംഗാൾ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. മമതയും യോഗി ആദിത്യനാഥും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നത്.