ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായാൽ പരിശോധിക്കാൻ സംവിധാനമില്ലെന്ന് പരാതി.
സാധാരണ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന യെല്ലോ സോണിൽ ആണ് രോഗികൾക്കും ജീവനക്കാർക്കും ആർടിപിസിആർ പരിശോധന നടത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ ഗുരുതര രോഗവുമായി എത്തുന്ന രോഗികൾക്ക് മാത്രമേ ആർടിപിസിആർ പരിശോധന നടത്തൂവെന്ന് അധികൃതർ പറയുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ കോവിഡ് ലക്ഷണങ്ങളുണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിറ്റ് വാങ്ങി പരിശോധന നടത്തിയാൽ മതിയെന്ന് ഈ വിഭാഗത്തിലെ അധികൃതർ പറയുന്നു.
700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്താൻ പല ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇന്നലെ 16 ജീവനക്കാർ ഗൈനക്കോളജി വിഭാഗത്തിൽ മാത്രം കോവിഡ് ബാധിതരായി.
ക്ലീനിംഗ്, കുടംബശ്രീ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിൽ 40 പേരും. ഇതോടെ മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരാകുന്ന ജീവനക്കാരുടെ എണ്ണം 100 കഴിഞ്ഞു.
ഇത്തരത്തിൽ പോയാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിന് ജീവനക്കാരുടെ വലിയ തോതിലുള്ള കുറവ് താൽക്കാലികമായി അനുഭവപ്പെടുമെന്നും അതിനാൽ എൻആർഎച്ച്എം വഴി ജീവനക്കാരെ താല്ക്കാലികമായി നിയമിക്കണമെന്നാ ആവശ്യവും ശക്തമാണ്.