
തൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റ് അടച്ചിട്ട് നാലു ദിവസമായപ്പോഴേക്കും തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും പച്ചക്കറി ക്ഷാമം. മിക്ക ഇനങ്ങൾക്കും വില ഇരട്ടിയായി.
പച്ചക്കറികളുമായി തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നു ലോറികൾ വരുന്നതു ഗണ്യമായി കുറഞ്ഞു. മണ്ണുത്തി, കുട്ടനെല്ലൂർ, പട്ടിക്കാട്, വടക്കഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണു പച്ചക്കറികൾ ഇറക്കുന്നത്.
ഈ കേന്ദ്രങ്ങളിലെല്ലാം വളരെ കുറച്ചു പച്ചക്കറികൾ മാത്രമേ വരുന്നുള്ളൂ. കൂടുതൽ അകലെയുള്ള ഈ കേന്ദ്രങ്ങളിൽനിന്ന് പച്ചക്കറി ഇനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നതിനു ഗതാഗതച്ചെലവും കൂടുതലാണ്.
വില വർധിച്ചെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇടനിലക്കാർക്കാണ് ആദായം. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന മിക്ക പച്ചക്കറി ഇനങ്ങൾക്കും ഇപ്പോൾ 40 മുതൽ 50 വരെ രൂപയാണു വില.
പയർ, ബീൻസ്, കാരറ്റ് എന്നിവയ്ക്കു 60 രൂപയാണു വില. കിലോയ്ക്ക് 30 രൂപയായിരുന്നു ഇവയുടെ വില. കിലോയ്ക്ക് 25 രൂപ വിലയുണ്ടായിരുന്ന നേന്ത്രക്കായ, തക്കാളി, പാവയ്ക്ക, പടവലം, കാബേജ്, കോളിഫ്ലവർ, വെണ്ടയ്ക്ക, ഇളവൻ, മത്തൻ, ചേന എന്നിവയ്ക്കെല്ലാം 40 രൂപയായി. കപ്പയുടെ വിലയിൽ മാറ്റമില്ല. 25 രൂപ.