കൂത്താട്ടുകുളം: കോവിഡ് കാലം ദുരിതത്തിന്റേത് മാത്രമല്ല ന്യൂജൻ ഐഡിയകളുടേതു കൂടിയാണ്. മരുന്നു മുതൽ മാസ്കുവരെ നീളുന്നു ഈ പരീക്ഷണങ്ങളുടെ നിര. ഇത്തരത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാരായ ഒരുകൂട്ടം യുവാക്കൾ ചേർന്നു ശുചീകരണത്തിനായി കണ്ടെത്തിയ മാർഗം ഇന്ന് അവരുടെ വരുമാന മാർഗംകൂടി ആയിരിക്കുകയാണ്.
കൂത്താട്ടുകുളം, പാല, തൊടുപുഴ, തൃശൂർ സ്വദേശികളായ ഡാനിയൽ ജോയി, ജിതിൻ ബാബു, നിതിൻ മിഖായേൽ, സച്ചിൻ സണ്ണി, പി.എൻ. അനീഷ് എന്നിവർ ചേർന്നാണ് കോസ്മോസ് ആൻഡ് ഏഗൻ ഡിസ്ഇൻഫെക്ഷൻ സർവീസ് എന്ന പേരിൽ സംരംഭം ആരംഭിച്ചത്.
അണുനശീകരണത്തിന് യുവാക്കൾ തിരഞ്ഞെടുത്ത ഉപകരണമാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ടൂറിസ്റ്റ് ബസുകളിൽ ഉപയോഗിക്കുന്ന സ്മോക്കിംഗ് മെഷീനാണ് ഇവർ അണുനശീകരണത്തിന് ഉപയോഗിക്കുന്നത്.
ബസുകളിൽ പാട്ടിനും നൃത്തത്തിനുമൊപ്പം അരങ്ങ് കൊഴുപ്പിക്കാനാണ് സാധാരണ സ്മോക്കിംഗ് മെഷീൻ ഉപയോഗിക്കുന്നത്. ഈ മെഷീൻ അണു നശീകരണത്തിനും ഉപയോഗിച്ചുകൂടെ എന്ന ചിന്തയാണ് യുവാക്കളെ പുതിയ സംരംഭത്തിലേക്ക് എത്തിച്ചത്.
മറ്റുള്ള അണുനശീകരണ പ്രവർത്തന രീതികളിൽനിന്നും തികച്ചും വ്യത്യസ്തമായാണ് ഇവരുടെ പ്രവർത്തനം. സാധാരണ അണുനശീകരണികളിൽ ജലാംശം കൂടുതലായതിനാൽ അണുനശീകരണം നടത്തുന്ന പ്രദേശം മൊത്തത്തിൽ നനയുവാനും ഈർപ്പം തങ്ങിനിൽക്കുവാനും സാധ്യതയേറെയാണ്.
ഓഫീസുകളിൽ അണുനശീകരണം നടത്തുമ്പോൾ ഫയലുകളും പേപ്പറുകളും കമ്പ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്.
സ്മോക്കിംഗ് മെഷീനിൽ സ്മോക്കിംഗ് ഓയിലിനുപകരം സാനിറ്റൈസറും വെള്ളവും ഒഴിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. പുക രൂപത്തിൽ മെഷീനിൽനിന്നും പുറത്തേക്കുവരുന്ന സാനിറ്റൈസറിൽ മുറിക്ക് ഉൾഭാഗം പൂർണമായും ശുചീകരിക്കും.
ഇതിനൊപ്പം സ്പ്രേ രൂപത്തിലുള്ള സാനിറ്റൈസറുകളുടെ സഹായത്താൽ കസേരകളും മേശയും വൃത്തിയാക്കുകയും ചെയ്യുന്നു. ടൂറിസം മേഖലയും ആഘോഷങ്ങളും നിലച്ചതോടെ കഷ്ടത്തിലായ ടൂറിസ്റ്റ് ബസ് ജീവനക്കാരായ യുവാക്കൾക്ക് ഇപ്പോൾ ഇതൊരു വരുമാന മാർഗമായി മാറിയിരിക്കുകയാണ്.
സർക്കാർ ഓഫീസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സൗജന്യമായാണ് ഇവർ ചെയ്തു നൽകുന്നത്. ഇതിന്റെ ഭാഗമായി കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പൂർണമായും സ്മോക്കിംഗ് മെഷീന്റെ സഹായത്തോടെ ഇവർ അണുവിമുക്തമാക്കുകയും ചെയ്തു.