മാനവരാശി മഹാമാരിക്കെതിരായ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മഹാമാരി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഗോള സാന്പത്തിക തകർച്ചക്കെതിരേകൂടിയുള്ള പോരാട്ടത്തിലാണ് ലോകം ഇപ്പോൾ.
1930ലെ സാന്പത്തിക തകർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ തകർച്ച വരാനിരിക്കുന്നു എന്ന് ആഗോള ധനകാര്യ ഏജൻസിയായ ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 1930കളിലെ സാന്പത്തിക തകർച്ച ലോക സന്പദ്ഘടനയെ, പ്രത്യേകിച്ച് മുതലാളിത്ത സന്പദ്ഘടനയുടെ ആസ്ഥാനമായ അമേരിക്കയെ പിടിച്ചുകുലുക്കുകയുണ്ടായി.
മുതലാളിത്തം ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് 1930 ലെ ലോക സാന്പത്തിക തകർച്ച ആരംഭിച്ചത്. കറുത്ത ചൊവ്വാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന 1929 ഒക്ടോബർ 29ന് ആരംഭിച്ച തകർച്ച പിന്നീട് അമേരിക്കൻ സാന്പത്തിക ഘടനയെ തകർത്ത് തരിപ്പണമാക്കി.
1929ൽ ആരംഭിച്ച തകർച്ച 1932 വരെ നീണ്ടുനിന്നു. ചില രാജ്യങ്ങളിൽ അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ തുടർന്നു. വൻതോതിൽ തൊഴിൽ ഇല്ലായ്മ വർധിച്ചു. ലോക വ്യാപാരത്തിന്റെ പകുതിയോളം ഇടിഞ്ഞു.
എന്നാൽ, ഈ സാന്പത്തിക പ്രതിസന്ധി ബാധിക്കാതിരുന്നത് സോവിയറ്റ് യൂണിയനെ മാത്രമായിരുന്നു. അവരുടെ ആസൂത്രിത സോഷ്യലിസ്റ്റ് സന്പദ് വ്യവസ്ഥ മുതലാളിത്തത്തിന്റെ വിപണിക്കായുള്ള അമിത ഉൽപ്പാദന സന്പ്രദായത്തിൽനിന്നു വ്യത്യസ്തമായിരുന്നു.
1930ലെ സാന്പത്തികത്തകർച്ച ലോകത്തെ വിവിധ കായികമേളകളെ കാര്യമായി സ്വാധീനിച്ചില്ല. 1930 ലോക കായിക ചരിത്രത്തിലെ പ്രധാനപ്പെട്ട വർഷമാണ്. ഏറ്റവും വലിയ കായികമേളയായ ലോകകപ്പ് ഫുട്ബോൾ ആരംഭിച്ചത് 1930ൽ ആണ്.
1930 ജൂലൈ മാസത്തിൽ ഉറുഗ്വേയിൽ നടന്ന ഫിഫയുടെ പ്രഥമ ലോകകപ്പിൽ ആതിഥേയരാഷ്ട്രം തന്നെ ലോകകപ്പ് നേടി. ഫൈനലിൽ ഏതാണ്ട് എഴുപതിനായിരം കാണികളെ സാക്ഷികളാക്കിയാണ് ഉറുഗ്വേ 4-2 എന്ന സ്കോറിന് അർജന്റീനയെ പരാജയപ്പെടുത്തിയത്.
കൊറോണ വൈറസിനെ തുടർന്ന് 2020 ലെ ടോക്കിയോ ഒളിന്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ, 1930 ലെ സാന്പത്തികത്തകർച്ച ഒളിന്പിക്സിനെ ബാധിച്ചില്ല.
സാന്പത്തികത്തകർച്ചയ്ക്ക് മുന്‍പുണ്ടായിരുന്ന 1928 ലെ ആംസ്റ്റർഡാം ഒളിന്പിക്സും സാന്പത്തികത്തകർച്ചയുടെ കാലത്തുണ്ടായ 1932 ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സും കാര്യമായ തടസങ്ങളില്ലാതെ നടന്നു.
ക്രിക്കറ്റ് ചരിത്രത്തിലും നിർണായക വർഷമായിരുന്നു 1930. ഈ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് പരന്പര ആഷസിനായുള്ള ഇംഗ്ലണ്ട് – ഓസ്ട്രേലിയ പോരാട്ടമായിരുന്നു. ഇംഗ്ലണ്ടിൽവച്ച് നടന്ന ഈ പരന്പരയിൽ ആണ് ബ്രാഡ്മാൻ തന്റെ വിശ്വരൂപം പുറത്തെടുത്തത്.
ഇതിഹാസങ്ങളുടെ ഇതിഹാസമായ ബ്രാഡ്മാൻ ഏഴ് ഇന്നിംസുകളിൽ നിന്നായി ഇംഗ്ലീഷ് ബൗളർമാർക്കെതിരേ 974 റണ്‍സ് നേടി. ഒരു ടെസ്റ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുക എന്ന റിക്കാർഡ് ഇപ്പോഴും ബ്രാഡ്മാന് അവകാശപ്പെട്ടതാണ്.
974ൽ ഒരു ട്രിപ്പിൾ സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉണ്ടായിരുന്നു. 1930ൽ ആണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ടെസ്റ്റ് പരന്പര കളിക്കാൻ തുടങ്ങിയത്.
1930ൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു വെസ്റ്റിൻഡീസിന്റെ ആദ്യത്തെ ടെസ്റ്റ് പരന്പര. ഈ പരന്പര രണ്ട് മഹാന്മാരായ കളിക്കാരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധിക്കപ്പെട്ടു.
ഒന്ന് ജോർജ് എഡ്ലി എന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാന്റെയും, വെസ്റ്റ് ഇൻഡീസിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ കോണ്സ്റ്റന്റയിൻ എന്ന ബൗളറുടെയും സാന്നിധ്യമായിരുന്നു അത്.
ന്യൂസിലൻഡ് ടെസ്റ്റ് പരന്പര കളിക്കാൻ തുടങ്ങിയതും 1930ൽ ആണ്. ന്യൂസിലൻഡിൽവച്ച് നടന്ന ഇംഗ്ലണ്ട് – ന്യൂസിലൻഡ് പരന്പര ഇംഗ്ലണ്ടിന് അനുകൂലമായി.
സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരന്പരയും ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരന്പരയും ആരംഭിച്ചത് 1930 കളിൽ ആണ്. അങ്ങിനെ 1930 കളിൽ ക്രിക്കറ്റ് കലണ്ടർ സജീവമായിരുന്നു .
മഹാമാരിയെത്തുടർന്ന് ഇതിനകം രണ്ട് പ്രധാനപ്പെട്ട ടെന്നീസ് ടൂർണമെന്റുകൾ മാറ്റിവയ്ക്കപ്പെട്ടു. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും വിംബിൾഡണും. കൂടാതെ അമേരിക്കൻ ഓപ്പണും മിക്കവാറും മാറ്റിവയ്ക്കപ്പെടാനാണ് സാധ്യത.
എന്നാൽ, 1930ൽ സാന്പത്തികത്തകർച്ചയ്ക്കുശേഷം 31ൽ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ നാല് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളും ഭംഗിയായി നടന്നു. കൂടാതെ 1931 യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ 50-ാം വാർഷികവുമായിരുന്നു.
2020ലെ മഹാമാരി ലോക സ്പോർട്സിനെ ബാധിച്ചപ്പോൾ 1930 ലെ വൻ സാന്പത്തികത്തകർച്ചയിൽ കായിക ലോകം ഉണർന്നുതന്നെയിരുന്നു. 1930ൽ മാനവരാശി സാന്പത്തികത്തകർച്ച എന്ന ഒരു ശത്രുവിനെതിരേയായിരുന്നു യുദ്ധം ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ, 2020ൽ മാനവരാശി യുദ്ധം ചെയ്യുന്നത് രണ്ട് ശത്രുക്കൾക്കെതിരേയാണ്, മഹാമാരിക്കെതിരേയും സാന്പത്തികത്തകർച്ചയ്ക്കെതിരേയും.
തയാറാക്കിയത്: എം.സി. വസിഷ്ഠ്