സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്കൂളുകള്‍ തുറന്നു കഴിഞ്ഞു.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കോവിഡ് പടരുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
ഒന്നാം തീയതിയാണ് തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്.
20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്.
ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
അണുനശീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തുറന്നാല്‍ മതിയെന്നാണു നിര്‍ദേശം. അതേ സമയം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഇതോടെ ഒന്ന് മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് വൈകുമെന്നാണ് സൂചന. പുതുച്ചേരിയിലും കോളജുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഒരു നഴ്സിങ് കോളജിലെ മൂന്നു കുട്ടികള്‍ക്കും ഒരധ്യാപകനുമാണ് വൈറസ് ബാധ കണ്ടെത്തിയത്.