ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധയുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ല എന്ന് സൂചിപ്പിക്കുന്നതാണ് സർക്കാരിന്റെ കർശന നടപടികൾ.
ഇന്നലെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നവർക്ക് നൂറുരൂപ പിഴ ഏർപ്പെടുത്തി. ഇരുചക്രവാഹനക്കാരാണ് ഇതു തെറ്റിക്കുന്നതെങ്കിൽ പിഴ 500 രൂപയാണ്. ചൈനയിൽ നിന്നു റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ കഴിഞ്ഞ വ്യാഴാഴ്ച എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.
ഈ ആഴ്ച അവ എത്തുമെന്നും അതോടെ പ്രതിരോധപ്രവർത്തനങ്ങൾ വളരെ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള 170 ഹോട്ട്സ്പോട്ട് ജില്ലകളിൽ 22 എണ്ണം തമിഴ്നാട്ടിലാണ് എന്നത് സർക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്.
എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലും ജനക്ഷേമപ്രവർത്തനങ്ങളിലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സർക്കാരിന്റേത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മുഖ്യമന്ത്രി ഇ. പളനിസ്വാമി നിയമസഭയിൽ 280 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 1,000 രൂപ വീതം അരി റേഷൻകട വഴിവാങ്ങുന്ന എല്ലാവർക്കും ഓട്ടോത്തൊഴിലാളികൾക്കും നിർമാണത്തൊഴിലാളികൾക്കും നല്കുമെന്ന പ്രഖ്യാപനം നടപ്പാക്കി വരികയാണ് ഇപ്പോൾ. ഭക്ഷണം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്നതിലും മറ്റ് കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിലും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ വിവിധ രാഷ്ട്രീയപാർട്ടികളും സജീവമാണ്.
മിക്ക പാർട്ടികളും ജനങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനിടെ കൊറോണബാധ വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ നഗരങ്ങളിലൊന്നായ ചെന്നൈ വളരെ ശക്തമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
ഇവിടെ അസുഖ ബാധയുള്ള ഒരാളെപോലും സർക്കാർ കണക്കെടുപ്പിനും ചികിത്സയ്ക്കും പുറത്താകാതിരിക്കാൻ നഗരത്തെ പല ഭാഗങ്ങളായി തിരിച്ച് വീടുകൾ കയറിയിറങ്ങിയുള്ള കണക്കെടുപ്പാണ് നടത്തിവരുന്നത്.
സാന്പിൾപരിശോധനയ്ക്കായി 35 സെന്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ 3,886 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ 1,275 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര് മരിച്ചു.117 പേരാണ് സുഖംപ്രാപിച്ചത്.