ചെന്നൈ:കൊറോണ വ്യാപനത്തിൽ തമിഴ്നാട് റിക്കാർഡ് സംഖ്യയിൽ. രോഗം സ്ഥിരീകരിച്ചവരിൽ ഒരു ദിവസത്തെ ഏറ്റവും വലിയ സംഖ്യ ഇന്നലെ രേഖപ്പെടുത്തി.
ഇന്നലെ 771 പേർക്ക് കോവിഡ് രോഗം ബാധിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,829 ആയി. 35 പേരാണ് മരിച്ചത്. ഇതിനിടെ മുഖ്യമന്ത്രി ഇ.പളനിസ്വാമിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതായ വാർത്തകൾ പുറത്തു വന്നിട്ടുണ്ട്.
കൊറോണ പരത്തുന്നതിൽ ഇന്നലെയും ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ് മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ 50 ശതമാനവും കോയന്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടുള്ളതാണ്.
കോയമ്പേട് കഴിഞ്ഞാൽ ഡൽഹിയിലെ മതസമ്മേളനം, ചെന്നൈയിൽ നടന്ന ഒരു പ്രാർഥനാ സമ്മേളനം എന്നിവയാണ് പ്രധാനമായും തമിഴ്നാട്ടിൽ കൊറോണ വ്യാപിക്കാൻ ഇടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ തമിഴ്നാട്ടിലെ വിദേശമദ്യ ശാലകൾ ഇന്നുമുതൽ തുറക്കും. ആറടി അകലം പാലിച്ച് ക്യൂവിൽ നിൽക്കണം എന്നതാണ് പ്രധാന നിബന്ധന.
കഴിഞ്ഞ ദിവസം ആന്ധ്രയിൽ മദ്യഷോപ്പുകൾ തുറന്നതിനെ തുടർന്ന് തമിഴ്നാട് അതിർത്തി പ്രദേശത്തു നിന്നും തിരക്കിട്ട് ആളുകൾ മദ്യം വാങ്ങാൻ അഡ്രയിലേക്ക് എത്തിയിരുന്നു. ഇത് നിയന്ത്രിക്കാൻ സർക്കാരിന് ഏറെ ശ്രമപ്പെടേണ്ടി വന്നിരുന്നു. ഇതിന്റെ ഭാഗമായി ചിറ്റൂരിൽ റോഡിൽ മണ്ണുമാന്തി കൊണ്ട് കുഴിച്ച് പ്രവേശനം തടയുകയുണ്ടായി.