കൊല്ലം: കുളത്തൂപ്പുഴയിൽ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആര്യങ്കാവ്, തെന്മല അതിർത്തികൾ പൂർണമായും അടച്ചു. തൊട്ടടുത്ത് തമിഴ്നാടിന്റെ തെങ്കാശി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അതിർത്തികൾ പൂർണമായും അടച്ചത്.
കോവിഡിന്റെ വ്യാപനം തടയുന്നതിനായി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ ഇന്നു മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് തമിഴ്നാട്ടിലെ പുളിയൻ കുടിയിൽ പോയി വന്ന ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
ആര്യങ്കാവ് അതിർത്തി പൂർണമായും പോലീസ് കാവലിലാണ്. ആര്യങ്കാവ് ചെക്കു പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കുകയും വാഹനങ്ങളിൽ വരുന്ന ജീവനക്കാരുടെ പേര് വിവര രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു.
കഴുതുരുട്ടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. തമിഴ്നാട്ടിൽ നിന്നു വരുന്ന ചരക്കു വാഹനങ്ങളിൽ ജീവനക്കാരെന്ന വ്യാജേന അതിർത്തി കടന്നെത്തുന്നവരെ പിടികൂടാൻ കർശന നിർദേശം നൽകിയിരിക്കുകയാണ്.
ഇത്തരത്തിൽ ആളുകൾ അതിർത്തി കടന്നെത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി.വനപാതയിലൂടെയുള്ള യാത്ര തടയാൻ വനം വകുപ്പും പരിശോധന കർശനമാക്കിയിട്ടുണ്ട്. പാലരുവിയിൽ താത്ക്കാലിക ചെക്കു പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.