പാലക്കാട്: തമിഴ്നാട്ടിൽ കോവിഡ്19 കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കാൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. അതിർത്തി ഗ്രാമങ്ങളിലെ ഇടപഴകൽ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേന.
ഓറഞ്ച് ബി പട്ടികയിൽ ഉൾപ്പെടുത്തി താരതമ്യേന കോവിഡ് ഭീതി കുറഞ്ഞ ജില്ലകളുടെ പട്ടികയിലാണ് പാലക്കാടിനെ കണക്കാക്കിയിരിക്കുന്നതതെങ്കിലും കോയമ്പത്തൂർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള ഭീഷണി ചെറുതായി കാണാനാവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ഒമ്പത് ചെക്പോസ്റ്റുകളാണ് ഉള്ളത്. അതുവഴിയുള്ള ചരക്ക് ഗതാഗതം തടസംകൂടാതെ കൊണ്ടുപോകുന്നതിനൊപ്പം ആളുകൾ പരസ്പരം അതിർത്തി കടക്കാതെ സൂക്ഷിക്കണമെന്നാണ് തീരുമാനം.
ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ തമിഴ്നാടായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നത്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുകയും തമിഴ്നാട്ടിൽ പെരുകുകയും ചെയ്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.
വിശാലമായ പാലക്കാടൻ ചുരത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി കൊട്ടിയടക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ കോവിഡ് ബാധിച്ച് മരിച്ച ഒരു വ്യക്തി ചിറ്റൂരിലെയും വണ്ടിത്താവളത്തെയും ബന്ധുവീടുകളിൽ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം, വേലന്താവളം തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഇരു സംസ്ഥാനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ കടന്ന് ജീവിതം നയിക്കുന്നവരാണ്. ഈ സ്ഥലങ്ങളിലെല്ലാം അതിർത്തി കൊട്ടിയടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തെയും തമിഴ്നാടിനെയും കൂട്ടിയിണക്കുന്ന ഊടുവഴികൾ അടച്ചുപൂട്ടിയതു പോലെ ജനവാസ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആവില്ല എന്നതാണ് നിയമം നടപ്പാക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന കേരളാ പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥർ പങ്കെടുത്ത കൂടിയാലോചനാ യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. ആ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾ അടുത്ത് ഇടപഴകുന്നത് തടയാൻ കൂടുതൽ പോലീസുകാരെ നിയോഗിക്കാൻ ധാരണയായത്.
കോയമ്പത്തൂർ നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട് ആരോഗ്യ വകുപ്പ് ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് 133 രോഗ ബാധിതരാണ് അവിടെയുള്ളത്.
പാലക്കാടുമായി ഏറെ ബന്ധമുള്ള കോയമ്പത്തൂരിലെ അവസ്ഥ കണക്കിലെടുത്ത് പാലക്കാടിനെ റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പോലും ഒരു ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരിൽനിന്ന് ഉയർന്നിരുന്നു.