വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തിയിലേത്തുന്ന ആളുകളെ കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്റൈനിൽ പോകാത്തത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തിലേക്ക് കടക്കുവാനുള്ള എല്ലാ അതിർത്തികളിലും കർശന പരിശോധന നടക്കുകയാണ്. പോലീസിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും പരിശോധനയ്ക്ക് ശേഷമാണ് അതിർത്തികളിലൂടെ ആളുകളെ കടത്തിവിടുന്നത്.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രധാന കവാടമായ വാളയാർ ചെക്ക് പോസ്റ്റിലൂടെ ദിനം പ്രതി നിരവധി ആളുകളാണ് കടന്നു വരുന്നത്. തമിഴ്നാട് സർക്കാരിന്റെയും കേരള സർക്കാരിന്റെയും പാസ് ലഭിച്ചവർക്ക് മത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
എന്നാൽ പാസ് ലഭിച്ച് അതിർത്തികടന്നെത്തുന്നവർ സ്വന്തം വാഹനം ഉപയോഗിച്ച് വീടുകളിലേയ്ക്ക് പോകണം എന്നാണ് സർക്കാർ നിർദ്ദേശം. സ്വന്തമായി വാഹനം ഇല്ലാത്തവർ വാളയാറിലെ ടാക്സി തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട്ടിൽ അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ റെഡ് സോണ്‍, ഹോട്ട് സ്പോട്ട് മേഖലയിൽ നിന്ന് വാളയാർ ചെക്ക് പോസ്റ്റിലെത്തുന്ന രോഗ ലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റുകയും മറ്റുള്ളവരെ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിലേയ്ക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
അതിർത്തി കടന്നെത്തുന്ന ആളുകളിൽ പലരും വാളയാറിൽ നിന്ന് ലഭിക്കുന്ന ടാക്സികളിലാണ് വീടുകളിലേക്ക് പോകുന്നത്. ഹോം ക്വാറന്റൈൻ നിർദേശിച്ച ആളുകളെ കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർക്കും 14 ദിവസത്തെ ക്വാറന്റൈൻ അനിവാര്യമാണ്.
എന്നാൽ വാളയാറിൽ നിന്നും അതിർത്തികടന്നെത്തുന്നവരെ അവരവരുടെ വീടുകളിലേക്ക് കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്റൈൻ ലംഘിച്ച് വീണ്ടും സർവീസ് നടത്തുവാനായി അതിർത്തിയിലേത്തുന്നതായാണ് ശ്രദ്ധയിൽ പെട്ടിരിക്കുന്നത്.
കൂടുതൽ പ്രാവശ്യം സർവീസ് നടത്തുന്ന ടാക്സി ഡ്രൈവർമാർ രോഗവാഹകരാകാൻ സാധ്യതയെറെയാണ്. ഒരു ദിവസം വാളയാർ അതിർത്തി കടന്നെത്തുന്നത് രണ്ടായിരത്തിൽപ്പരം പേരാണ്. ഇത്രയും ആളുകളെ നിരീക്ഷിക്കുന്നതിനിടയിൽ ടാക്സി ഡ്രൈവർമാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹ വ്യാപന ഭീഷണി ഉയർത്തുന്നുണ്ട്.
അതിർത്തി കടന്നെത്തുന്ന ആളുകളെ കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്റൈനിൽ പോകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.