മുക്കം: കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസ്റ്റ് ടാക്സി മേഖലയ്ക്ക് ഭീഷണിയായ കള്ള ടാക്സികൾക്കെതിരെ പ്രതിഷേധവുമായി ടാക്സി ജീവനക്കാർ.
സംസ്ഥാനത്ത് പൊതു ഗതാഗതം സാധാരണ നിലയിലായതോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസുകൾ അടക്കമുള്ള ടാക്സികൾ ഇപ്പോഴും ട്രിപ്പ് ലഭിക്കാത്ത അവസ്ഥയിലാണ്.
ഈ സാഹചര്യത്തിലാണ് സ്വകാര്യവാഹനങ്ങൾ കള്ള ടാക്സികളാ യി ഓടിക്കുന്നതിനെതിരെ ടാക്സി തൊഴിലാളികൾ രംഗത്തെത്തിയത്.
കേരളത്തിലെ കള്ള ടാക്സികളുടെ വർധന കാരണം ടാക്സി മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായെന്നും എല്ലാ കള്ള ടാക്സികളുടെ നമ്പറും മറ്റു വിവരങ്ങളും ടാക്സി സ്റ്റാൻഡുകളിൽ പരസ്യപ്പെടുത്തുകയും കള്ള ടാക്സികളെ എല്ലായിടത്തും തടയുമെന്നും ടാക്സി തൊഴിലാളികൾ പറഞ്ഞു.
സ്പെഷൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യബസുകൾ കല്യാണ ട്രിപ്പുകൾ അടക്കമുള്ളവ എടുക്കുന്നതായും ഇവർ ആരോപിക്കുന്നു. ടൂറിസ്റ്റ് ബസുകൾ മൂന്നുമാസം കൂടുമ്പോൾ അമ്പതിനായിരം രൂപ ടാക്സും വർഷത്തിൽ 85,000 രൂപ ഇൻഷ്വറൻസും മാസത്തിൽ ശരാശരി 75,000 രൂപയോളം വായ്പായിനത്തിലും അടയ്ക്കണം.
ഇതാണ് മിക്ക ടാക്സി വാഹനങ്ങളുടെയും അവസ്ഥയെന്നും തൊഴിലാളികൾ പറഞ്ഞു.സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ വാഹന ഉടമസ്ഥന്റെ കുടുംബാംഗങ്ങളെ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂവെന്നും
കള്ള ടാക്സികളിൽ യാത്രചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കുന്നതല്ലെന്നും കോടികൾ നികുതിവെട്ടിച്ച് ഓടുന്ന കള്ള ടാക്സികളെ ജനങ്ങൾ തിരിച്ചറിയണമെന്നും കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുക്കം ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച ലഘുലേഖ മുക്കത്തെ സ്വകാര്യ ബസുകൾക്കും മറ്റും വിതരണം ചെയ്തു. പ്രസിഡന്റ് രഘു എരഞ്ഞങ്കണ്ടി, സെക്രട്ടറി ബോബി, ശാലു, അഹമ്മദ് കുട്ടി, ഫൈജാസ്, ഹക്കീം, ഷമീർ, അജിൽ, വിപിൻ, ജലീൽ, ലത്തീഫ് നേതൃത്വം നൽകി.