കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തോടു തോളുരുമ്മി അധ്യാപക സമൂഹവും. ജില്ലയിലെ 14 അതിർത്തി ചെക്പോസ്റ്റുകളിലാണ് അധ്യാപകർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം സേവനം ചെയ്യുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരെയും പങ്കാളികളാക്കാൻ സംസ്ഥാനത്ത് ആദ്യം തീരുമാനിച്ചത് വയനാട് ജില്ലാ ഭരണകൂടമാണ്. ഡോക്ടർ കൂടിയായ ജില്ലാ കളക്ടർ അദീല അബ്ദുല്ല അധ്യാപകരെ ചെക്പോസ്റ്റുകളിലാണ് ജോലിക്കു നിയോഗിച്ചത്.
ആരോഗ്യം, പോലീസ്, റവന്യൂ, വനം വകുപ്പുകളിലെ ജീവനക്കാരോടൊപ്പമാണ് ചെക്പോസ്റ്റുകളിൽ അധ്യാപകരുടെ സേവനം. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ആറു വരെ അധ്യാപികമാരും വൈകുന്നേരം ആറു മുതൽ രാവിലെ ഒന്‍പതു വരെ അധ്യാപകരുമാണ് ചെക്പോസ്റ്റുകളിൽ ജോലി ചെയ്യുന്നത്.
ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 4,200 ഓളം അധ്യാപകരുണ്ട്. ഇവരെയെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാക്കുംവിധമാണ് ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തിയത്. ദിവസവും രാവും പകലുമായി 56 വീതം അധ്യാപരാണ് എല്ലാ ചെക്പോസ്റ്റുകളിലുമായി ജോലിക്കെത്തുന്നത്.
ഒരാൾക്കു ഒരു ഷിഫ്റ്റ് മാത്രമാണ് ഡ്യൂട്ടി. സ്വന്തം വാഹനങ്ങളിലാണ് അധ്യാപകരിൽ ്അധികവും ജോലിസ്ഥലങ്ങളിലെത്തി വീടുകളിലേക്കു മടങ്ങുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു നിയോഗിച്ചത്.
മാർച്ച് 18 മുതൽ 31 വരെയായിരുന്നു ആദ്യ നിയമനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ ഒന്നു മുതൽ ഏഴു വരെയും പിന്നീട്് എട്ടു മുതൽ 15 വരെയും അധ്യാപകരെ നിയമിച്ച് ഉത്തരവിറക്കി. എട്ടു പഞ്ചായത്തുകളിലാണ് ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകൾ.
നിയമനം ലഭിക്കുന്നവർ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തിൽ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനു ജില്ലാ ഭരണകൂടം വീണ്ടും ഉത്തരവിറക്കുമെന്നാണ് സൂചന.
ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനൊപ്പം ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നന്പർ, യാത്രക്കാരുടെ എണ്ണം, യാത്രയുടെ ലക്ഷ്യം, യാത്രക്കാരുടെ പ്രാഥമിക പരിശോധന, യാത്രപോകുന്ന സ്ഥലം, പുറപ്പെട്ട സ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയാണ് അധ്യാപകരുടെ പ്രധാന ചുമതല. ചെക്പോസ്റ്റുകളിലെ ഡ്യൂട്ടി വേറിട്ട അനുഭവമായെന്നു അധ്യാപകർ പറയുന്നു.
ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക എന്നിവരുടെ നേത്യത്വത്തിലാണ് മുഴുവൻ വകുപ്പുകളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.