ഗാന്ധിനഗർ: കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ വിമുഖത പ്രകടിപ്പിച്ച താത്കാലിക ജീവനക്കാരിയായ ലാബ് ടെക്നീഷ്യനെ സസ്പെൻഡ് ചെയ്യാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു.
ജീവനക്കാരി ക്ഷമാപണം എഴുതി നൽകുകയും, തുടർന്നും കോവിഡ് ഡ്യൂട്ടി ചെയ്യാമെന്നുള്ള ഉറപ്പിൻമേലുമാണ് സസ്പെൻഷൻ തീരുമാനം പിൻവലിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ലാബ് ടെക്നീഷ്യനോട് കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുള്ള മേലധികാരി ആവശ്യപ്പെട്ടു.
എന്നാൽ കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കുകയില്ലെന്നും ഇത് ഡോക്ടർമാർ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് പിൻവാങ്ങി. ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ വിവരം ധരിപ്പിച്ചു.
തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു.വിവരമറിഞ്ഞ ജീവനക്കാരി ഇനി മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം സമർപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ തീരുമാനം പിൻവലിച്ചു.
അതേസമയം, 350 പിജി ഡോക്ടർമാരും, 150 ഹൗസ് സർജന്മാരുമുള്ള മെഡിക്കൽ കോളജിൽ, 40 ലാബ് ടെക്നീഷ്യമാരെക്കൊണ്ട് സ്രവ സാംപിൾ ശേഖരണം നടത്തമെന്ന ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്ന് എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് ഭാരവാഹികളായ ബെന്നി, ബിജു, ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതരുടെ ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.