കൊല്ലം: കോവിഡ് ബാധിതനായ 61-കാരന് പരിശോധനാഫലവും നല്കി പറഞ്ഞയച്ച് നഗരത്തിലെ മൈക്രോലാബ് അധികൃതരുടെ ക്രൂരത.
മൈലക്കാട് സ്വദേശിയായ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ രോഗിയെ സുരക്ഷിതമായി മാറ്റാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ പരിശോധനാഫലം കൈമാറി പറഞ്ഞുവിടുകയായിരുന്നു.
ഇന്നലെ രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം.തുടര്‍ന്ന് ഇദ്ദേഹം നടന്ന് ചിന്നക്കടയിലെത്തി ഓട്ടോറിക്ഷാ ഡ്രൈവറോട് വിവരം പറയുകയായിരുന്നു.
ഉടൻ തന്നെ വാഹന പരിശോധന നടത്തുകയായിരുന്ന പോലിസിനോട് ഓട്ടോ ഡ്രൈവർ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് പോലിസ് രേഖകള്‍ പരിശോധിച്ച് പോസിറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷം ഇയാള്‍ക്ക് സാനിറ്റൈസറും മാസ്കും ഗ്ളൗസും നല്കി.
ഉടൻ വിവരം ആരോഗ്യ വകുപ്പില്‍ അറിയിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തി ഇദ്ദേഹത്തെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ ചിന്നക്കടയില്‍ അണുനശീകരണം നടത്തി.
കൊല്ലത്തെ സര്‍ക്കാര്‍ അധീനതയിലുളള പാര്‍ക്കില്‍ കാവല്‍ക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.ഇദ്ദേഹം താമസിച്ചിരുന്നത് പാര്‍ക്കിലെ വിശ്രമമുറിയിലായിരുന്നു.
രണ്ട് ദിവസത്തിന് മുന്‍പ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ചിന്നക്കടയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയത്.
ലാബില്‍ നിന്നും കോവിഡ് പോസിറ്റീവാണെന്ന വിവരം ഫോണില്‍ വിളിച്ച് അറിയിച്ചതോടെ ലാബില്‍ നേരിട്ട് എത്തി പരിശോധനാഫലം കൈപ്പറ്റുകയായിരുന്നു.