സ്വന്തം ലേഖകൻ
അയ്യന്തോൾ: രാവിലെ രണ്ടെണ്ണം അടിക്കാമെന്ന് കരുതി എത്തിയപ്പോൾ ദേ മൂക്കിനിട്ട് കുത്ത്!! അയ്യന്തോൾ പഞ്ചിക്കലിലുള്ള ബീവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് അടിക്കാനെത്തിയവർക്ക് കുത്തുകൊള്ളേണ്ടി വന്നത്.
അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ബീവറേജിലെത്തിയവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കിയത്.രാവിലെ തുടങ്ങിയ ടെസ്റ്റിൽ ഉച്ചവരെ 170 പേരെ പരിശോധിച്ചു.
പരിശോധന റിപ്പോർട്ട് ഇവരുടെ ഫോണ് നന്പറിലും അഡ്രസിലും പിന്നീട് അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഡോ.നിഹിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജീഷ് സുധീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിപി കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് ആർടിപിസിആർ ടെസ്റ്റ് നടത്തിയത്.
പോലീസിന്റെ സേവനവും ഇവിടെയുണ്ടായിരുന്നു.രാവിലെ ഉറക്കച്ചടവു പോലും മാറാതെ ഇവിടേക്കെത്തിയ ചില മദ്യപൻമാർ ഒൗട്ട്ലെറ്റിന് മുന്നിൽ പോലീസിനെ കണ്ട് അന്തംവിട്ടു.
സാധനം വാങ്ങി വരുന്നവരോട് എന്താണ് പോലീസും പട്ടാളവുമെന്ന് ചോദിച്ചപ്പോൾ സാധനം വേണേൽ ആദ്യം കുത്തു വാങ്ങണം എന്ന് കേട്ട് ഒൗട്ട്ലെറ്റിൽ കയറാതെ വേഗം സ്ഥലം വിട്ടവരുമുണ്ട്.