കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കുന്നതിൽനിന്നു ഡോക്ടർമാർ പിന്മാറി, നഴ്സുമാർ സ്രവശേഖരണം നടത്തുന്നതു ശരിയാകുന്നില്ലെന്ന് പരിശോധനാ ലാബുകൾ. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽനിന്നു ശേഖരിക്കുന്ന സ്രവങ്ങളുടെ പരിശോധനാ ഫലം പലപ്പോഴും തെറ്റുന്നു.
കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ഡോക്ടർമാർ ശേഖരിക്കണമെന്നാണ് നിർദേശം. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പിന്മാറിയതോടെ സ്രവം ശേഖരിക്കേണ്ട ചുമതല രോഗികളുടെ രക്തസാന്പിൾ എടുക്കാൻ ചുമതലപ്പെട്ട നഴ്സുമാർക്കായി.
കോവിഡ് 19 പരിശോധനകൾക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന കൃത്യവിലോപത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സ്രവം ശേഖരിക്കുന്നതിനായി മൂന്നു ഡോക്ടർമാരെ ചുമതലപ്പെടുത്തി ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
സ്രവ പരിശോധനയ്ക്കായി രോഗികൾ എത്തുന്പോൾ ഡോക്ടർമാർ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ്. പലപ്പോഴായി ഇത് ആവർത്തിക്കപ്പെട്ടതോടെ നഴ്സുമാർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് നഴ്സിംഗ് സൂപ്രണ്ട് നേരിട്ട് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
കോട്ടയം ജില്ലയിൽനിന്നു കോവിഡ് പരിശോധനകൾക്ക് അയയ്ക്കുന്ന എല്ലാ സാന്പിളുകളും നെഗറ്റീവാകുന്നതോടെയാണ് സാന്പിൾ ശേഖരിക്കാൻ നിയോഗിച്ചിരിക്കുന്ന ഡോക്ടർമാർ നിലവിൽ ആരുടെയും സാന്പിളുകൾ ശേഖരിച്ചിട്ടില്ലെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടത്.
ഇതോടെ സാന്പിൾ ശേഖരിക്കുന്ന വിധം ശരിയല്ലെന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സാന്പിൾ പരിശോധനയ്ക്കു ശേഖരിക്കുന്നതു ശരിയായ വിധത്തിൽ അല്ലെങ്കിൽ രോഗിയാണെങ്കിലും റിസർട്ട് നെഗറ്റീവായിരിക്കുമെന്നും പറയപ്പെടുന്നു.
എന്നാൽ സ്രവ പരിശോധനയ്ക്കു നിലവിൽ കുഴപ്പങ്ങളില്ലെന്നും ഡോക്ടർമാർക്കും നഴ്സുമാർക്കും കൃത്യമായി ഡ്യൂട്ടി ലിസ്റ്റ് നല്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ബിന്ദുകുമാരി പറഞ്ഞു. നിലവിലത്തെ സാഹചര്യത്തിൽ എല്ലാവരും ബുദ്ധിമുട്ടിയാണ് ജോലിക്ക് എത്തുന്നത്.
ഡോക്ടർമാർതന്നെ സ്രവം പരിശോധനയ്ക്ക് എടുക്കണമെന്ന് നഴ്സുമാർ വാശിപിടിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് ദീപികയോട് പറഞ്ഞു.