ആലുവ : കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു.ഇന്നലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ആലുവ പോലീസ് നടപടിയെടുത്തത്.
ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ ബില്ല് സഹിതം പോലീസിനും ഡിഎംഒയ്ക്കും.
പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തെന്നല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. മുഴുവൻ തുകയടച്ച ശേഷമാണ് മൃതദ്ദേഹം വിട്ടുകിട്ടിയത്.അഞ്ച് ദിവസം ആശുപത്രി ചികിത്സയില്‍ കിടന്ന ശേഷം മരണമടഞ്ഞ തൃശൂര്‍ സ്വദേശിയായ കോവിഡ് രോഗിയ്ക്ക് 67,880 രൂപയാണ് ഈടാക്കിയത്.
പിപിഇ കിറ്റിന് 37,572 രൂപ, മരുന്നിന് 1208 രൂപ, മുറി വാടകയില്‍ 22,500 രൂപ എന്നിങ്ങനെയാണ് ബിൽ.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്നും ചികിത്സയുടെ മറവിൽ കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങളേയും കോടതി വിമർശിച്ചിരുന്നു.സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്.
പല കാര്യങ്ങൾ പറഞ്ഞാണ് തുക ഈടാക്കുന്നത്.പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ തുക ഓരോ രോഗിയിൽ നിന്ന് ആശുപത്രി ഈടാക്കുന്നുണ്ട്. പത്ത് പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടാക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഐഎംഎ സംഘത്തോട് ആശുപത്രി സന്ദര്‍ശിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രിക്കെതിരേ അന്വേഷണത്തിന് ജില്ലാകളക്ടറും ഉത്തരവിട്ടിട്ടുണ്ട്.