ന്യൂഡൽഹി: കോവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റുകൾക്ക് അനുമതി നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).
മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജൻ പരിശോധന കിറ്റ് ഉടൻ വിപണിയിലെത്തും. റാപ്പിഡ് ആന്റിജൻ കിറ്റിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങളും ഐസിഎംആർ പുറത്തിറക്കി.
കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണങ്ങളും ഉള്ളവരും മാത്രമേ ഹോം കിറ്റ് ഉപയോഗിക്കാവൂ എന്ന് ഐസിഎംആർ വ്യക്തമാക്കി.
പോസിറ്റീവായാൽ കൂടുതൽ പരിശോധന ആവശ്യമില്ല. ക്വാറന്റൈനിലേക്ക് മാറണം. രോഗലക്ഷണങ്ങളുണ്ടായിട്ടും നെഗറ്റീവ് ഫലം ലഭിച്ചാൽ ഉടനടി ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ നിർദേശിച്ചു.
കോവിസെൽഫ് ടിഎം (പാത്തോകാച്ച്) കോവിഡ്-19 ഒടിസി ആന്റിജൻ എൽഎഫ് എന്ന ഉപകരണം പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡാണ് നിർമിച്ചത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. ആപ്പിൽ വിശദമാക്കിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് വേണം ഹോം ടെസ്റ്റ് നടത്തേണ്ടത്.
ഫോണിൽ നിന്നുള്ള വിവരങ്ങൾ ഐസിഎംആറിന്റെ കോവിഡ് -19 ടെസ്റ്റിംഗ് പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന സെർവറിലേക്കാണ് എത്തുക. രോഗിയുടെ സ്വകാര്യത പൂർണമായും ഉറപ്പ് വരുത്തുമെന്ന് ഐസിഎംആർ പറഞ്ഞു.