അബുദാബി : കോവിഡ് രോഗബാധ കണ്ടെത്തുന്ന പുതിയ സ്കാനറുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു തുടങ്ങി.
നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെ രോഗ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് കമ്മറ്റി അറിയിച്ചു.
കോവിഡ് രോഗനിർണയം ഉടനടി ലഭിക്കുന്ന ആധുനിക സംവിധാനമാണ് പുതുതായി ഒരുക്കുന്നത്. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ സ്ക്രീനിനു മുൻപിലൂടെ കടന്നു പോകുന്നവരെ കൂട്ടമായി നിരീക്ഷിക്കുന്നതിനും കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും സാധ്യമായ നൂതന സാങ്കേതിക വിദ്യയാണ്സ്കാനറിലുള്ളത്.
പുതിയ സംവിധാനം ദുബായ് അബുദാബി അതിർത്തികളിൽ പരീക്ഷണാർഥം സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. യാസ് ഐലൻഡിലെ പൊതു ഇടങ്ങൾ, മുസഫയിലേക്കുള്ള കവാടങ്ങൾ എന്നിവിടങ്ങളിലും പുതിയ സ്കാനറുകൾ സ്ഥാപിക്കും .
സ്കാനറിലൂടെ കടക്കുന്പോൾ ചുവന്ന അടയാളം പ്രദർശിപ്പിച്ചാൽ അത്തരം ആൾക്കാർ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനക്ക് വിധേയമാകണം. ഇവർക്കുള്ള പിസിആർ സൗജന്യമായി നടത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള