കണ്ണൂര്‍: കോവിഡിന്റെ മറവിൽ കേരളത്തിലെ സ്വകാര്യ ലാബുകള്‍ ജനങ്ങളിൽനിന്നു കൊള്ളയടിച്ചത് കോടികള്‍.
കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍, ആന്റിജന്‍ എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കാണു സ്വകാര്യ ലാബുകള്‍ കഴിഞ്ഞ ദിവസംവരെ ഈടാക്കിയത്.
ടെസ്റ്റ് കിറ്റുകളുടെ ദൗര്‍ലഭ്യവും ചെലവും കാരണം തുടക്കത്തില്‍ കോവിഡ് പരിശോധന ചെലവേറിയതായിരുന്നു.
പിന്നീട് കൂടുതല്‍ കിറ്റുകള്‍ ലഭ്യമായതോടെ കിറ്റുകളുടെ വില കുറഞ്ഞു. ഇതിന് ആനുപാതികമായി പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനാനിരക്കും കുറച്ചു.
എന്നാല്‍, കേരളത്തിലെ സ്വകാര്യ ലാബുകള്‍ കഴിഞ്ഞ ദിവസം വരെ ഈടാക്കിയത് അമിത നിരക്കായിരുന്നു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഇടാക്കിയത് കേരളത്തിലാണെന്നാണു റിപ്പോർട്ട്.
ഒഡീഷയാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഇടാക്കുന്നത്. കഴിഞ്ഞദിവസം ആർടിപിസിആർ പരിശോധനാനിരക്ക് 500 രൂപയാക്കി കുറയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
എന്നാൽ ആദ്യഘട്ടത്തിൽ പല സ്വകാര്യ ലാബുകളും ഈ നിരക്ക് അംഗീകരിച്ചില്ല. പിന്നീട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണു സ്വകാര്യ ലാബുകൾ പരിശോധനാനിരക്ക് കുറയ്ക്കാൻ നിർബന്ധിതരായത്.
സർക്കാർ ഉത്തരവുണ്ടായിട്ടും പല സ്വകാര്യ ലാബുകളും ഇപ്പോഴും കൂടിയ നിരക്ക് ഈടാക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
നിലവില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകള്‍ 30 രൂപ മുതല്‍ 500 രൂപ വരെ നിരക്കില്‍ ലഭ്യമാണ്. ആന്റിജന്‍ പരിശോധനാ കിറ്റിന് പരമാവധി നിരക്ക് 150 രൂപയാണ്.
ഐഐടി ഡല്‍ഹി കോറോസ്യൂര് കിറ്റ്-500, സെവ്ജെന് -195, ജെന്യൂന് -90, എസ്ഡി ബയോസെന്-50, അക്യുകെയര്‍ -100, യുബിഐഒ-40 എന്നിങ്ങനെയാണ് നിരക്കുകൾ.
എന്നാല്‍ കേരളത്തിലെ സ്വകാര്യ ലാബുകളില്‍ 30 രൂപയുടെ കിറ്റ് ഉപയോഗിക്കുന്നവരിൽനിന്നും 500 രൂപയുടെ കിറ്റ് ഉപയോഗിക്കുന്നവരിൽനിന്നും ഈടാക്കിയിരുന്നത് 1700 രൂപ വച്ചായിരുന്നു.
സ്രവം ശേഖരിക്കുന്നതിനും ലാബില്‍ എത്തിക്കുന്നതിനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുമുള്ള ചെലവും ജീവനക്കാരുടെ വേതനവും ചേരുമ്പോള്‍ നിരക്ക് കൂടുമെന്നാണു ലാബ് ഉടമകളുടെ വാദം.
കേരളത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അനുമതി നല്കിയ സമയത്ത് 4500 രൂപയായിരുന്നു നിരക്കായി നിശ്ചയിച്ചിരുന്നത്.
പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശിപാര്‍ശയനുസരിച്ച് അത് 2750 രൂപയാക്കി കുറയ്ക്കുകയും സെപ്റ്റംബറില്‍ 2100 രൂപയും പിന്നീട് 1700 രൂപയുമാക്കി നിശ്ചയിക്കുകയാണുണ്ടായത്.
വെറും 200 രൂപ മാത്രമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് ലാബുകള്‍ക്ക് ചെലവാകുന്നത്. തുടക്കത്തില്‍ 1200 രൂപ വിലയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ കിറ്റ് ഇപ്പോള്‍ 46 രൂപയ്ക്കുവരെ ലഭിക്കുന്നുണ്ട്.
ഇതിനൊപ്പം ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ ചാര്‍ജും ചേര്‍ത്താല്‍ത്തന്നെ 200 രൂപയേ ചെലവ് വരൂ.
ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചെലവ് രാജ്യമെമ്പാടും 400 രൂപയായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബറില്‍ ഡല്‍ഹിയിലെ ഒരു അഭിഭാഷകന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയിരുന്നു.
ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റിന് 199 രൂപയേ ചെലവുള്ളൂവെന്നാണ് കിറ്റ് വിതരണക്കാരായ ഓര്ഗന്സിറ്റി ഗ്ലാസ്കോ കമ്പനി നല്കിയ ക്വട്ടേഷന്‍ കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചത്.
ഒരു ലക്ഷം കിറ്റുകള്‍ ഒരുമിച്ചു വാങ്ങുകയാണെങ്കില്‍ ഒരു കിറ്റിന്റെ വിലയില്‍ 25 രൂപകൂടി കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ അഞ്ചിരട്ടി വരെ കൂടുതല്‍ നിരക്ക് ഈടാക്കിയത്.
കേരളത്തില്‍ 1700 രൂപ ഈടാക്കുമ്പോള്‍ ആന്ധ്രാപ്രദേശിൽ 499 രൂപയും, തെലുങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 500 രൂപയാണ് ഈടാക്കുന്നത്. തമിഴ്നാട്ടിൽ 1200 രൂപയാണ് നിരക്ക്.