സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് പോസിറ്റീവാണോ എന്നറിയാനുള്ള ടെസ്റ്റ് വീട്ടിൽ വച്ചു തന്നെ സ്വയം നടത്തി സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു.
പോസിറ്റീവാണെങ്കിൽ പുറത്താരേയും അറിയിക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നവർ ആശുപത്രികളിൽ പോകാൻ പോലും സന്നദ്ധരാകുന്നില്ല.
ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.കോവിഡ് ടെസ്റ്റ് സ്വയം നടത്താനുള്ള കിറ്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
എല്ലാ ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഇത് കിട്ടുന്നുണ്ട്.ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് നടത്താൻ തയാറാകാത്ത പലരും വീടുകളിലേക്ക് ഇത് വാങ്ങിക്കൊണ്ടുപോയും ഓണ്‍ലൈൻ വഴി വരുത്തിച്ചും ടെസ്റ്റു ചെയ്യുന്നുണ്ട്.
എങ്ങിനെയാണ് ടെസ്റ്റ് നടത്തേണ്ടത് എന്നെല്ലാം വിശദമായി കിറ്റിലുള്ളതിനാൽ ബുദ്ധിമുട്ടുമില്ല. എന്നാൽ ടെസ്റ്റ് നടത്തി പോസിറ്റീവാണ് ഫലമെങ്കിൽ ഇവർ ചികിത്സ തേടാൻ തയാറാകാത്തത് അപകടത്തിലെത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
കോവിഡിന് പാരസെറ്റമോൾ ഗുളികകൾ കഴിച്ചാൽ മതിയെന്ന ധാരണയിലാണ് പലരും വീട്ടിലിരുന്ന് സ്വയം ചികിത്സ നടത്തുന്നത്.
എന്നാൽ കോവിഡിനോടനുബന്ധിച്ചുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളോ ഗുരുതരപ്രത്യാഘാതമുണ്ടാക്കാവുന്ന മറ്റു അസുഖങ്ങളോ തടയാൻ പാരസെറ്റമോൾ കൊണ്ടു മാത്രം കഴിയില്ലെന്നും അതിനാൽ കോവിഡ് പോസിറ്റീവായ വ്യക്തി അക്കാര്യം ആരോഗ്യപ്രവർത്തകരെ നിർബന്ധമായും അറിയിക്കണമെന്നും ഡോക്ടർമാരും ആരോഗ്യവിഭാഗവും നിർദ്ദേശിക്കുന്നുണ്ട്.
എന്നാൽ പലയിടത്തും സ്വയം ടെസ്റ്റ് നടത്തി പോസിറ്റീവാണെങ്കിൽ അക്കാര്യം മറച്ചുവച്ച് പാരസെറ്റമോൾ കഴിച്ച് അസുഖം മാറ്റാൻ ശ്രമിക്കുന്നവർ കൂടി വരികയാണ്.
24 മണിക്കൂറും സേവനസന്നദ്ധരായ ഡോക്ടർമാരും ആശുപത്രികളും ചികിത്സ സംവിധാനങ്ങളുമുള്ള നാട്ടിൽ അതൊന്നും ഉപയോഗപ്പെടുത്താതെ അപകടം ക്ഷണിച്ചുവരുത്തരുതെന്ന ഓർമപ്പെടുത്തലും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്.
കോവിഡിനെ തുടർന്ന് പെട്ടന്നുണ്ടാകുന്ന ശ്വാസതടസം, ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ, തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കൽ, ഓക്സിജന്റെ അളവ് പെട്ടന്ന് താഴുക തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾക്ക് ആശുപത്രി സേവനവും വെന്റിലേറ്ററിന്റെ സഹായവുമെല്ലാം അത്യാവശ്യമാണെന്ന് ഇത്തരത്തിൽ സ്വയം ചികിത്സ നടത്തി വീട്ടിൽ കഴിയുന്നവർ മനസിലാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.
അതിനാൽ ഓർക്കുക……
കോവിഡ് കിറ്റ് വാങ്ങി നിങ്ങൾ കോവിഡ് സ്വയം ടെസ്റ്റ് ചെയ്തോളൂ….എന്നാൽ പോസിറ്റീവാണെങ്കിൽ അടുത്തുള്ള ആശുപത്രിയിലൊന്ന് ചെല്ലുക….സ്വയം ചികിത്സ ഒഴിവാക്കുക…