കോട്ടയം ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 96 സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. ഇന്നലെ പരിശോധയ്ക്ക് അയച്ചതു 83 പേരുടെ സ്രവ സാംപിളാണ്. ഇന്നലെ 63 പേരുടെ പരിശോധന ഫലമാണ് പുറത്തു വന്നത്. ഇതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്. ഇന്നലെ 314 പേർക്കു ഹോം ക്വാറന്റയിൻ നിർദേശിച്ചു.
ഇവർ മുഴുവനും ഇതര സംസ്ഥാനത്തുനിന്നും ജില്ലയിലേക്ക് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സന്പർക്ക പട്ടികയിലോ സെക്കൻഡറി കോണ്ടാക്റ്റിലോ ആരെയും ഇന്നലെ കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ 12 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്.
മീനടത്തും സമീപ പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മീനടം സ്വദേശിനിയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് ആവശ്യ സാധനങ്ങളുടെ കടകൾ ഒഴികെ ഇന്നലെ തുറന്ന കടകൾ പോലീസ് എത്തി അടപ്പിച്ചിരുന്നു.
മാളികപ്പടി മുതൽ പുത്തൻപുരപ്പടി വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളാണ് അടപ്പിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവുവെന്നും സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഇതോടെ ഓട്ടോറിക്ഷകൾ അടക്കമുള്ളവ സർവീസ് നിർത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്.
ഇതിന്റെ പരിശോധന ഫലങ്ങൾ ഇന്നു ലഭിച്ചേക്കും. കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബത്തിനു സന്പർക്കം കുറവാണെന്നു പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പായിപ്പാട് പഞ്ചായത്ത് 12-ാംവാർഡിൽ ജാഗ്രതാ നിർദേശം
ചങ്ങനാശേരി: ദുബായിൽ നിന്നെത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന യുവാവിന് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് പായിപ്പാട് പഞ്ചായത്ത് 12-ാംവാർഡിൽ പോലീസും ആരോഗ്യവകപ്പും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇന്നലെ വൈകുന്നേരവും ഇന്നു രാവിലേയും പോലീസ് ഇതുസംബന്ധിച്ച് മൈക്ക് അനൗണ്സ്മെന്റുകൾ നടത്തി. രോഗം കണ്ടെത്തിയ യുവാവ് താമസിച്ചിരുന്ന വീടിന്റെ അരക്കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോണാക്കി. വഴികളടച്ച് സുരക്ഷിതമാക്കിയതായി തൃക്കൊടിത്താനം പോലീസ് പറഞ്ഞു.