കോട്ടയം: ജില്ലയിൽ ഇന്നലെ ആറു പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ ഒരാൾ രോഗമുക്തനായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അതിരന്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ഇയാൾ വീട്ടിലേക്ക് മടങ്ങി.
ഇന്നലെ രോഗം സ്ഥിരികരിച്ച നാലു പേർ വിദേശ രാജ്യങ്ങളിൽനിന്നും ഒരാൾ ചെന്നൈയിൽനിന്നും വന്നതാണ്. ഒരാൾക്കു സന്പർക്കത്തിലുടെയാണ് രോഗബാധയുണ്ടായത്. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം 11ന് ദുബായ്-കൊച്ചി വിമാനത്തിൽ എത്തിയതാണ് ബന്ധുക്കളായ ദന്പതികൾ. ഭർത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്.
ഇവരും നാലുകോടിയിലെ വീട്ടിൽ ക്വാറന്റയിനിലായിരുന്നു. 17ന് അബുദാബിയിൽ നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60), ഗാന്ധിനഗറിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. 16ന് ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടർ(28)- ഗർഭിണിയായ ഇവർ ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
ചെന്നൈയിൽനിന്ന് റോഡ് മാർഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സന്പർക്കപട്ടിയിൽ ഉണ്ടായിരുന്നു. 18ന് ബാംഗ്ലൂരിൽനിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവും രോഗബാധിതരുടെ പട്ടികയിലുണ്ട്. നിലവിൽ ജില്ലക്കാരായ 16 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിയും കോവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിൽനിന്നെത്തിച്ച രണ്ടു പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്.
ജില്ലയിൽ ഇന്നലെ 103 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ലഭിച്ച ഏഴു പേരുടെ പരിശോധനാഫലം മാത്രമാണ്. അതിൽ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 430 പേർക്കാണ് ഹോം ക്വാറന്റയിൻ നിർദേശിച്ചത്. ഇതിൽ 394 പേർ ഇതര സംസ്ഥാനത്ത് നിന്നും 32 പേർ വിദേശത്ത് നിന്നും എത്തിയവരുമാണ്.
രോഗം സ്ഥിരീകരിച്ചവരിൽ ബാക്കിയുള്ള നാലു പേർ സെക്കൻഡറി കോണ്ടാക്റ്റുകളാണ്. ഇന്നലെ 91 പേരെ ഹോം ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കി. ജില്ലയിൽ ആകെ 5416 പേരാണ് ഹോം ക്വാറന്റയിനിൽ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ച ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ഒന്ന്, 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നതിനു ജില്ലാ കളക്ടർ ശിപാർശ ചെയ്തു.
മീനടം പഞ്ചായത്തിലെ സേവനങ്ങൾ നിർത്തിവച്ചു
മീനടം: പഞ്ചായത്ത് ഹോട്സ് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫീസിൽ നിന്ന് നൽകുന്ന സേവനങ്ങൾ തല്കാലികമായി നിർത്തിവച്ചതായി സെക്രട്ടറി അറിയിച്ചു. ജനകീയ അസൂത്രണ പദ്ധതി പ്രകാരമുള്ള അപേക്ഷകൾ സീകരിക്കുന്ന തീയതി പിന്നിട് അറിയിക്കും.
തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. എല്ലാ കെട്ടിട നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്്ക്കണം. 65വയസിനു മുകളിലുള്ളവർ, 10 വയസിൽ താഴെയുള്ളവർ, ചികിത്സയിലുള്ള രോഗികൾ എന്നിവർ പുറത്തിറങ്ങാൻ പാടില്ല. മാളികപ്പടി ജംഗ്ഷനും പൊങ്ങാംപാറ ജംഗ്്ഷനുമിടയിൽ ബസ് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന വൃദ്ധദന്പതികൾക്കൊപ്പം ആറരമാസം പ്രായമുള്ള പെൺകുഞ്ഞും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൃദ്ധ ദന്പതികൾക്കൊപ്പം ആറര മാസം പ്രായമുള്ള പെൺകുഞ്ഞും. ചങ്ങനാശേരി നാലു കോടി സ്വദേശികളായ 78, 71 വയസ് പ്രായമുള്ള ദന്പതികളുടെ മകളുടെ കുട്ടിയാണ് ആറര മാസക്കാരി.
കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുട്ടി ഇവരുടെ സംരക്ഷണയിലായതുകൊണ്ടാണ് ഇവരോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 11നാണ് ദന്പതികൾ ദുബായ് – കൊച്ചി വിമാനത്തിൽ എത്തിയത്. ദുബായിൽ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന മകളുടെ പ്രസവ ചികിത്സയ്ക്ക് പോയതായിരുന്നു.
മകളുടെ പ്രസവശേഷം ഇവർ താമസിച്ചിരുന്ന മേഖലയിൽ കോവിഡ് ബാധയുണ്ടായിരുന്നതിനാൽ, കുട്ടിയുമായി വൃദ്ധദന്പതിമാർ നാട്ടിലേക്ക് പോരുകയായിരുന്നു. ഇവരോടൊപ്പം ദുബായിൽ ജോലി ചെയ്തിരുന്ന നാലു കോടി സ്വദേശിയായ മുപ്പതുകാരനും നാട്ടിലേക്ക് പോന്നു.
കഴിഞ്ഞ ദിവസം യുവാവിന് രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജിൽ ചികിത്സക്കായി എത്തിക്കുകയും ചെയ്തു. ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഹോം ക്വാറന്റയിൻ ഇന്നലെ പൂർത്തികരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
സ്രവ സാന്പിൾ ശേഖരണം ആറു കേന്ദ്രങ്ങളിൽ രാത്രി എട്ടു വരെ
കോട്ടയം: ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ കോവിഡ്-19 പരിശോധനയ്ക്കുള്ള സാന്പിൾ ശേഖരണത്തിന് ഇനി മുതൽ എല്ലാ ദിവസവും വൈകുന്നേരം എട്ടു വരെ സൗകര്യമുണ്ടാകും. ഇതുവരെ കോട്ടയം ജനറൽ ആശുപത്രിയിൽ മാത്രമാണ് വൈകുന്നേരം വരെ സാന്പിൾ ശേഖരിച്ചിരുന്നത്.
പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാന്പാടി താലൂക്ക് ആശുപത്രികളിലും സമയം ദീർഘിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സാന്പിൾ ശേഖരണം അവിടെത്തന്നെയാണ് നടത്തുന്നത്. സ്രവശേഖരണത്തിനായി ഒരു മൊബൈൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.