സീമ മോഹന്‍ലാല്‍
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗ സ്രവ പരിശോധനയ്ക്ക് റിമാന്‍ഡ് പ്രതിയുമായി പോലീസിനെ അഞ്ചുമണിക്കൂറോളം കാത്തുനിര്‍ത്തിയ സംഭവത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറും ജില്ല കളക്ടര്‍ എസ്. സുഹാസും ഇടപ്പെട്ടു.
ഇനി മുതല്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു വരെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രതികളുടെ സ്രവ പരിശോധന നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈകുന്നേരം മൂന്നു കഴിഞ്ഞ് റിമാന്‍ഡിലാകുന്ന പ്രതികളെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിച്ച് പിറ്റേന്ന് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും തീരുമാനമായി.
എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതിയില്‍ ഹാജരാക്കുന്നത്.
ഇതുപ്രകാരം റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവാകുന്ന പ്രതികളെ ജയിലുകളിലേക്ക് കൈമാറുന്നതിന് മുമ്പായി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് സ്രവ പരിശോധന നടത്തി അങ്കമാലി കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് പതിവ്.
ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകളിലുള്ള രോഗികളെ ഇവിടെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ ആശുപത്രിയില്‍ പ്രതികളുടെ പരിശോധനയ്ക്ക് എത്തുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു.
അതേസമയം വ്യത്യസ്ത ക്രിമിനല്‍ സ്വഭാവമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതോടെ ഇവരുടെ മാനസിക സംഘര്‍ഷവും വര്‍ധിക്കാറുണ്ട്. അകമ്പടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി കലഹര്ത്തിലേര്പ്പെടുന്ന പ്രതികള്‍ പലപ്പോഴും പലതരത്തിലുള്ള കൈയേറ്റങ്ങള്‍ക്കും ശ്രമിക്കാറുമുണ്ട്.
ഇത്തരക്കാര്‍ ആശുപത്രികളിലും മറ്റും പല തരത്തിലുള്ള സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ഇടയുള്ളതിനാല്‍ അകമ്പടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ മാനിച്ച് പ്രതികളുടെ സ്രവ പരിശോധനയ്ക്ക് നീണ്ട കാത്തിരിപ്പ് ഒഴിവാക്കണമെന്ന് കേരള പോലീസ് അസോസിയേഷന് സെക്രട്ടറി എന്‍.വി. നിഷാദ് ജില്ല കളക്ടര്‍ക്കും ജില്ല പോലീസ് മേധാവിക്കും നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജില്ല കളക്ടറുടെ കൊറോണ ജില്ല തല അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.