പത്തനംതിട്ട: ജില്ലയിലെ വിവിധ ആശുപത്രികളില്‍ 30 പേരാണ് ഐസൊലേഷനിലുള്ളത്. 3,337 പേര് വീടുകളിലും കോവിഡ് കെയര്‍ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിന പരിശോധനകളും കൂട്ടിയിട്ടുണ്ട്.
ഇന്നലെ 229 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുള്‍പെടെ 6,842 സാമ്പിളുകള്‍ ഇതേവരെ പത്തനംതിട്ടയില്‍ നിന്നു പരിശോധനയ്ക്ക് അയച്ചു. പരിശോധനകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ് പത്തനംതിട്ട. പരിശോധനയ്ക്ക് അയച്ചിട്ടുള്ളതില്‍ 360 സാമ്പിളുകളുടെ ഫലമാണ് ഇന്നലെവരെ ലഭിക്കാനുള്ളത്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേരാണ് ഐസൊലേഷനിലുള്ളത്. ഇന്നലെ പുതുതായി ഒമ്പതു പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
വിവിധ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ചുപേര്‍ നിരീക്ഷണത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2909 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 423 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
ഇന്നലെ വിദേശത്തുനിന്നും തിരിച്ചെത്തിയ ഒരാളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 287 പേര് ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 95 കൊറോണ കെയര്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. ഇവയില്‍ 878 പേരെ താമസിപ്പിച്ചിട്ടുണ്ട്.