കൊച്ചി: വിദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന. 2,490 രൂപയാണ് യുഎഇയിലേക്കടക്കം മടങ്ങുന്ന പ്രവാസികളുടെ കൈയിൽനിന്നും കോവിഡ് ടെസ്റ്റിന്റെ പേരിൽ ഈടാക്കുന്നത്.
പുറത്ത് സ്വകാര്യ ലബുകളിലടക്കം 500 രൂപക്ക് ആര്‍ടിപിസി ആര് പരിശോധനകള്‍ നടക്കുമ്പോഴാണ് പ്രവാസികളെ ഊറ്റുന്ന നടപടിയുമായി കരാര്‍ നേടിയിട്ടുള്ള സ്ഥാപനം മുന്നോട്ട് പോകുന്നത്. പരിശോധനയ്ക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഈ കൊള്ള നടക്കുന്നത്.
വിദേശത്തേക്ക് മടങ്ങേണ്ടത് അത്യാവശ്യമായതിനാല്‍ അവസാന നിമിഷം തര്‍ക്കിക്കാന്‍ ആരും നില്‍ക്കാറില്ല. ഇത് മുതലാക്കിയാണ് തോന്നിയപടി നിരക്ക് ഈടാക്കുന്നത്. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ ആറിനാണ് യുഎഇയിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയാണ് ആദ്യ നിബന്ധന.
അതിന്റെ നെഗീറ്റിവ് സര്‍ട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തില്‍ എത്തണം. വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂര്‍ മുന്‍പ് അവിടെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊച്ചിക്ക് പുറമേ തിരുവന ന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും ഇതേ പരാതി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ രണ്ട് കരാര്‍ കമ്പനികളുടെ നേതൃത്വത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തുന്നത്. കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
തമിഴ്നാട്ടില്‍ 150രൂപയും. നാല് മണിക്കൂറില്‍ ഫലം കിട്ടുന്ന റാപിഡ് പരിശോധന ആയാലും 2490 രൂപ എന്ന നിരക്ക് എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.
തിരുവനന്തപുരത്ത് 2500രൂപ
റാപിഡ് ടെസ്റ്റിന്റെ നിരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ കുറച്ചു. 3400 രൂപയായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 2500 രൂപയായി കുറച്ചു. നിരക്ക് വർധനക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് നിരക്ക് കുറച്ചത്.
എങ്കിലും ഇത് ആശ്വാസകരമല്ലെന്നാണ് യാത്രക്കാരുടെ പരാതി. വിമാനത്താവളത്തിനകത്ത് സ്വകാര്യ ലാബിലാണ് റാപിഡ് ടെസ്റ്റ് നടത്തുന്നത്.