തൃശൂർ: മെഡിക്കൽ കോളജ് വഴി നടത്തുന്ന ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള സമയം ക്രമീകരിച്ചു.
ഏഴു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും വിധമാണു പുന:ക്രമീകരിച്ചിട്ടുള്ളത്.
വൈകീട്ടു നൽകുന്ന സാന്പിളുകളുടെ ഫലം പിറ്റേന്നു രാവിലെ 9.30ന് ശേഷമേ ലഭിക്കുകയുള്ളൂ.മെഡിക്കൽ കോളജിൽ നിലച്ചുപോയ ആർടിപിസിആർ പരിശോധന പുനരാരംഭിച്ചതിനു തൊട്ടുപിറകേയാണു വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആർഡിഎൽ) വിഭാഗം സമയക്രമവും പുതുക്കി നിശ്ചയിച്ചത്.
വൈകീട്ട് മൂന്നു മുതൽ പിറ്റേന്നു രാവിലെ 9.30 വരെയുള്ള ആർടിപിസിആർ പരിശോധനകളുടെ ഫലം ഉച്ചയ്ക്ക് 1.30 നും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള പരിശോധന ഫലം വൈകിട്ട് 4.30 നും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്നു വരെയുള്ള ആർടിപിസിആർ പരിശോധനകളുടെ ഫലം പിറ്റേന്ന് രാവിലെ 9.30 നും ലഭ്യമാകും വിധമാണ് സമയം പുനർക്രമീകരിച്ചിരിക്കുന്നത്.
സിബിനാറ്റ്, ട്രൂനാറ്റ് കിറ്റുകൾ ദൗർബല്യം നേരിടുന്ന സാഹചര്യത്തിൽ മരണ സാഹചര്യത്തിലോ, അത്യാഹിത സാഹചര്യത്തിലോ മാത്രമേ സാന്പിളുകൾ അയക്കാവൂവെന്ന് നിർദേശിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് പ്രഫസർ റാങ്കിൽ കുറയാത്ത തസ്തികയിൽ ഉള്ളവർ സാക്ഷ്യപ്പെടുത്തിയ ഫലമാകണം നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു.