സ്വന്തം ലേഖകൻ
തൃശൂർ: ഇത്തവണ തൃശൂർ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് സാന്പിൾ ദിവസം മുതൽ കടക്കണമെങ്കിൽ ചിലവ് ഇത്തിരിയുണ്ട്.
ആർടിപിസിആർ സർട്ടിഫിക്കറ്റ് സ്വകാര്യ ലാബുകളിൽ നിന്നാണെങ്കിൽ ചുരുങ്ങിയത് 1200 രൂപയാണ് ഈടാക്കുന്നത്. പൂരം പ്രമാണിച്ച് ചില ലാബുകൾ പൂരം ഓഫർ നൽകാൻ ആലോചിക്കുന്നുണ്ട്.
ലാബുകളിൽ തിരക്കേറും, സർക്കാർ തലത്തിൽ ആരോഗ്യവകുപ്പു വഴി സൗജന്യമായി ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്.
ആർടിപിസിആർ ടെസ്റ്റിന്റെ റിസൾട്ട് കിട്ടാൻ കാലതാമസമുണ്ടാകുമെന്ന അഭ്യൂഹവും വ്യാപകമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ സമയമെടുക്കുമെന്നും പരിശോധനകൾ കൂടുന്പോൾ ഒരു ദിവസം കഴിഞ്ഞേ റിസൾട്ട് കിട്ടൂവെന്നും പറയുന്നു.
സാന്പിൾ കിറ്റ് കൂടുതൽ വേണ്ടിവരും, ആരോഗ്യവകുപ്പ് ആവശ്യമറിയിച്ചു
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് കൂടുതൽ ആളുകളെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കേണ്ട സാഹചര്യത്തിൽ സാന്പിൾ കിറ്റുകൾ കൂടുതൽ വേണ്ടി വരുമെന്ന കാര്യം ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചു. ഇപ്പോഴുള്ളത് അയ്യായിരം സാന്പിൾ കിറ്റ് മാത്രമാണ്.
കോവിഡ് രോഗികൾ, അവരുമായി സന്പർക്കത്തിലേർപ്പെട്ടവർ എന്നിവരെ പരിശോധിക്കാനുള്ള സാന്പിൾ കിറ്റുകൾ മാത്രമേ ഇപ്പോൾ ജില്ല ആരോഗ്യവകുപ്പിന്റെ കൈവശമുള്ളു.
കോവിഡ് രോഗികളുടെയും അവരുമായി സന്പർക്കത്തിലേർപ്പെട്ടവരുടേയും പരിശോധനകൾക്ക് തന്നെ സാന്പിൾ കിറ്റുകൾ തികയാത്ത സാഹചര്യത്തിൽ പൂരം കാണാനെത്തുന്നവരെ പരിശോധിക്കാനും സാന്പിൾ കിറ്റുകൾ കരുതേണ്ട സ്ഥിതിയാണുള്ളത്.
തൃശൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ സാന്പിൾ കിറ്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.