തലശേരി: നഗരത്തിൽ രണ്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും പോലീസ് സബ് ഇൻസ്പക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തലശേരിയിൽ കോവിഡ് വ്യാപന ഭീതി. പഴയ ബസ് സ്റ്റാൻഡിലെ ജനത്തിരക്കേറിയ സ്ഥലത്തെ രണ്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനു പുറമെ കോവിഡ് സ്ഥിരീകരിച്ച ഹൈവേ പട്രോൾ സംഘത്തിലെ എസ് ഐ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെയുള്ള ട്രാഫിക് സ്റ്റേഷനിൽ എത്തിയതും പാലിശേരിയിലെ ഡി വൈ എസ് പി ഓഫീസിലെ കൺട്രോൾ റൂമിലെത്തിയതും ആശങ്ക വർദ്ധിപ്പിപ്പിട്ടുണ്ട്.
എസ് ഐ എത്തിയ കൺട്രോൾ റൂമിലെയും തൊട്ടു മുകളിലെ ഡിവൈഎസ്പി ഓഫീസിലും ഒപ്പം ട്രാഫിക് സ്റ്റേഷനിലും ഡ്യൂട്ടി നിർവഹിച്ചിരുന്ന 30 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി.കൺട്രോൾ റൂം പ്രവർത്തിക്കുന്ന ഡിവൈഎസ്പിഓഫീസ് കെട്ടിടം താത്കാലികമായി അടച്ചു.
ഇവിടെ ഫയർഫോഴ്സ് എത്തി അണുവിമുക്തമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം എസ്ഐക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം ഹൈവേ പട്രോൾ ഡ്യൂട്ടിയിലായിരുന്നു.
ഇതു കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം കൺട്രോൾ റൂമിലടക്കമുള്ള പോലീസുകാർ കോവിഡ് ടെസ്റ്റിന് വിധേയമായിരുന്നു.പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ് എസ്ഐക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ സമ്പർക്ക പട്ടികയിൽ ഡിവൈഎസ്പി ഇല്ലാത്തതിനാൽ ഇദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടില്ല.