ഗാന്ധിനഗർ: കോവിഡ് 19 രോഗം ഭേദപ്പെട്ട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിവിട്ട വയോധികരായ ദന്പതികളും ഇവരുടെ ബന്ധുക്കളായ യുവദന്പതികളും സ്റ്റാഫ് നഴ്സ് രേഷ്മയും തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലെത്തി.
റാന്നി ഐത്തല തട്ടയിൽ തോമസ് എബ്രഹാം (93), ഭാര്യ മറിയാമ്മ തോമസ് (88) ഇവരുടെ കൊച്ചുമകൾ കോട്ടയം തിരുവാർപ്പ് ചെങ്ങളം കുമരംകുന്നേൽ റീന (28) ഭർത്താവ് റോബിൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇന്നു രാവിലെ 11ന്് പകർച്ചവ്യാധി വിഭാഗം മേധാവിയും ഇവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ.ആർ.സജിത്കുമാർ പരിശോധിച്ചു.
കോവിഡ് 19 സംബന്ധമായി ഇനി ഹോം ക്വാറന്റിന്റെ ആവശ്യമില്ലെന്നും വയോധികരുടെ മറ്റ് അസുഖങ്ങൾക്ക് തുടർചികിത്സയും നിർദ്ദേശിച്ചു.
എന്നാൽ യുവദന്പതികൾ രോഗം ഭേദപ്പെടുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും ക്വാറന്റയിൻ കാലാവധി പൂർണമായും പൂർത്തീകരിച്ചതിനാലും ഇനി മുതൽ പൊതു സമൂഹവുമായി ഇടപെടുന്നതിന് ബുദ്ധിമുട്ടില്ല.
പക്ഷേ, ലോക് ഡൗണ്‍ കൃത്യമായി പാലിക്കപ്പെടണമെന്നതിനാൽ വീടുകളിൽ കഴിയാൻ തന്നെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് എട്ടിന് ഇവർ രോഗലക്ഷണവുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയും തുടർന്നുള്ള പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് മാർച്ച് 28ന് യുവദന്പതികളും, ഏപ്രിൽ മൂന്നിന് വയോധികരും മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.