കോട്ടയം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇന്ന് വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
ഇവരെ ചികിത്സിച്ച നഴ്സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.
കേരളത്തിന് ഇത് അഭിമാനനിമിഷമാണ്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്.
ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു.
ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാല്‍ പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.
ഇടയ്ക്കുവച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതല്‍ ആവുകയും ഓക്സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ഇതോടെ തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.
തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്ഫെക്ഷന് കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു.ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.