സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡിന്റെ ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും പോസിറ്റീവ് കേസുകള്‍ മൂന്നുദിവസമായി ഇല്ലാത്തത് ജില്ലയ്ക്കും ആരോഗ്യവകുപ്പിനും ആശ്വാസം പകരുന്നു. ഇന്നുകൂടി പോസിറ്റീവ് കേസൊന്നും ഇല്ലാതെ കടന്നുകിട്ടിയാല്‍ സമാധാനിക്കാന്‍ വകയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പോസിറ്റീവ് കേസുകള്‍ ഇല്ലാതെ കടന്നുപോയ മൂന്നുദിവസങ്ങളില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചതായി ഡിഎംഒ ഡോ.കെ.ജെ.റീന പറഞ്ഞു. പ്രതിരോധ – സുരക്ഷാ മുന്‍കരുതലുകള്‍ നടപടികള്‍ ചെയ്യാന്‍ ആരോഗ്യവകുപ്പിന് ഈ ദിവസങ്ങളില്‍ കൂടുതലായി സാധിച്ചു.
പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമ്പോള്‍ ആ രോഗിയുമായി ബന്ധപ്പെട്ടവരെക്കുറിച്ചും റൂട്ട് മാപ്പ് തയ്യാറാക്കലുമൊക്കെയായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും. ഒന്നിലധികം പോസിറ്റീവ് കേസുകളുണ്ടാകുമ്പോള്‍ അധ്വാനം ഇരട്ടിയാകും.
പോസിറ്റീവ് കേസുകള്‍ ഇല്ലാതാകുമ്പോള്‍ ആ സമയം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. അയല്‍ജില്ലകളില്‍ നിന്നെത്തുന്നവരെയും തൃശൂരില്‍ ഇപ്പോള്‍ ക്വാറന്റൈന് ചെയ്യുന്നുണ്ട്. രോഗവ്യാപനം തടയാന്‍ വേണ്ടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ചു വരികയാണ്. പോസിറ്റീവായിരുന്നവരുടെ പുതിയ സാമ്പിള്‍ പരിശോധകളില്‍ നെഗറ്റീവ് ആയി വരുന്നതായും അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ വീടുകളില്‍ 14463 പേരും ആശുപത്രികളില്‍ 38 പേരും ഉള്‍പ്പെടെ ആകെ 14501 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 276 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരെ വിടുതല്‍ ചെയ്തു.
ഇന്നലെ നാലു സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 812 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 804 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. എട്ടെണ്ണത്തിനന്റെ ഫലം ലഭിക്കാനുണ്ട്. 304 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇന്നലെ 200 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രത കര്‍ശനമായി തുടരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ദ്രുതകര്‍മ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദര്‍ശനത്തിലൂടെ നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്കി. ഇന്നലെ 4,544 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.
സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഫീല്‍ഡ് അസിസ്റ്റനന്റുമാര്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ വൈദ്യുത ഭവന് എന്നിവ അണുവിമുക്തമാക്കി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 684 പേരെ സ്ക്രീന്‍ ചെയ്തു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. അതിഥി തൊഴിലാളികള്‍ക്കു വേണ്ടി ഹിന്ദിയിലുളള ബോധവല്‍ക്കരണ അനൗണ്‍സ്മെന്റ് വാഹനം അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്.