സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നത് ജില്ല ആരോഗ്യവകുപ്പിന് ആശ്വാസമേകുന്നു. ഏഴായിരത്തോളം പേര് മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ ഇത് വീണ്ടും കുറയും.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഒരാളാണ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോള്‍ മറ്റു ജില്ലകളില്‍നിന്ന് ആളുകള്‍ തൃശൂരിലേക്ക് വരികയാണെങ്കില്‍ സ്ഥിതിഗതികള്‍ വീണ്ടും മാറി മറിയാമെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ സുരക്ഷിതാവസ്ഥ നിലനിര്‍ത്താന്‍ വേണ്ട കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ജില്ലയില്‍ വീടുകളില്‍ 6933 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 6944 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇന്നലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതല്‍ ചെയ്തു.
ഇന്നലെ എട്ടു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 927 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 919 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.
എട്ട് എണ്ണത്തിനന്റെ ഫലം ലഭിക്കാനുണ്ട്. 163 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇന്നലെ 69 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. 3650 വീടുകള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1,403 പേരെയും മത്സ്യചന്തയില്‍ 386 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 68 പേരെയും സ്ക്രീന്‍ ചെയ്തു.