സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. 31 തദ്ദേശഭരണ സ്ഥാപനങ്ങളിൽ അടിയന്തിരമായി പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും കർശനമാക്കിക്കഴിഞ്ഞു.
ഇതിൽ തൃശൂർ കോർപറേഷനിലെ വിവിധ ഡിവിഷനുകളും ജില്ലയിലെ നാലു നഗരസഭകളും വിവിധ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ട്.ഒരു ദിവസം 30 കേസുകൾ റിപ്പോർട്ടു ചെയ്യുന്ന ഇടങ്ങൾ അടിയന്തിരമായി അടച്ചിടും.
ആദ്യഘട്ടമെന്ന നിലയ്ക്കാണ് 31 തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധം കടുപ്പിക്കുന്നത്. ഒരു ദിവസം പത്തു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്ന നടപടിയും ആരംഭിച്ചു.
ഇവിടെ തുടക്കത്തിൽ തന്നെ കോവിഡ് നിയന്ത്രണ പരിപാടികൾ ആസുത്രണം ചെയ്യാനാണ് പത്തു കേസുകളുണ്ടായാലുടൻ ലിസ്റ്റ് തയ്യാറാക്കി നടപടികളിലേക്ക് കടക്കുന്നത്.
അടച്ചു പൂട്ടേണ്ട സ്ഥാപനങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം വഹിക്കുന്ന ജില്ലയിലെ ജനപ്രതിനിധികളും ഇതിനോട് പൂർണപിന്തുണയുമായി രംഗത്തുണ്ട്.
കോവിഡ് നിയന്ത്രണ പ്രതിരോധ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ്.
കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് വ്യാപാരസ്ഥാപനങ്ങളിലുള്ളവർ നിർബന്ധമായും കൈവശം വെക്കണം. ആരോഗ്യവകുപ്പും പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധ നടത്തി ഈ സർട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പാക്കും.
സർട്ടിഫിക്കറ്റില്ലാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വ്യാപാരസ്ഥാപനങ്ങളിലുള്ളവർക്കായി കോവിഡ് പരിശോധനകൾ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പുമെല്ലാം നടത്തുന്നുണ്ടെന്നും സൗജന്യമായി നടത്തുന്ന ഈ പരിശോധനകളിൽ വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഹൈവേകളിൽ പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകൾ അടയ്ക്കാൻ നടപടികളായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമെത്തുന്ന ലോറികളിലെ ഡ്രൈവർമാരും മറ്റും തട്ടുകടകളിൽ ഏറെ സമയം ചിലവഴിക്കുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കടുത്ത നടപടികൾ പലർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണെങ്കിലും രോഗവ്യാപനം കുറയ്ക്കാൻ വേറെ മാർഗമില്ലെന്ന നിലപാടിലാണ് അധികൃതർ.