സീമ മോഹൻലാൽ
കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു. ടൂറിസം മേഖലയിൽ നിന്ന് സംസ്ഥാനത്തിന് പ്രതിവർഷം 37,000 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരുന്നത്.
മൂന്ന് സെന്റ് മുതൽ സ്വന്തം വീട്ടിൽ ഹോം സ്റ്റേ നടത്തുന്ന ടൂറിസത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരത്തോലം ചെറുകിട സംരംഭകരാണ് ഇതോടെ വരുമാനമില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
2018-ലെ കണക്കുകൾ പ്രകാരം 10,96,407 വിദേശ ടൂറിസ്റ്റുകളും 1,56,04,661 ആഭ്യന്തര ടൂറിസ്റ്റുകളും കേരളം സന്ദർശിച്ചു. 36,25,801 കോടി രൂപ ടൂറിസം മുഖാന്തിരം സംസ്ഥാനത്തിന് നേടാനായി.
അഞ്ഞൂറോളം ക്ലാസിഫൈഡ് ഹോം സ്റ്റേകൾ ഉൾപ്പെടെ 1,500 ഓളം ഹോം സ്റ്റേ സർവീസ്ഡ് വില്ല സംരംഭങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതുവഴി 8,000 ഓളം മുറികളും 497 ക്ലാസിഫൈഡ് ഹോട്ടലുകളിലൂടെ 13,000 മുറികൾ ഈ മേഖലയിൽ ടൂറിസ്റ്റുകൾക്കായി തുറന്നു പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.
ടൂറിസം രംഗത്ത് വാഴയില മുതൽ മുട്ട വരെ ഉത്പാദിപ്പിക്കുന്നവർ ഉൾപ്പെടെ പതിനായിരത്തോളം സംരംഭകർ ഉത്തരവാദിത്വ ടൂറിസം മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടൂറിസ്റ്റുകൾക്കായി പരന്പരാഗത കല, അഭ്യസ്ത വിദ്യകൾ ഉൾപ്പെടെയുള്ളവരിൽ ഏർപ്പെടുന്ന നൂറുകണക്കിന് കലാകാരന്മാരും കൈത്തൊഴിലുകളിൽ ഏർപ്പെട്ടവരും നിരവധി ടൂറിസ്റ്റ് ഗൈഡുകളും ഉൾപ്പെടെ പതിനായിരങ്ങൾ ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
കേരളത്തിൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സമയത്ത് 8,000 വിദേശ വിനോദസഞ്ചാരികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേരെയും തിരിച്ചയച്ചു.
ആരോഗ്യമേഖലയിൽ ആഗോളതലത്തിൽ കിട്ടിയ അംഗീകാരവും ഹോം സ്റ്റേ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ കോവിഡ് കാലത്ത് നമ്മൾ പ്രകടിപ്പിച്ച പരിചരണവും കരുതലും ലോകടൂറിസം രംഗത്ത് നല്ല മതിപ്പ് ഉളവാക്കിയിട്ടുണ്ട്. ഇത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
ഇതോടെ കേരളത്തിലെ ഹോം സ്റ്റ് സർവീസ്ഡ് വില്ല ഫാം ടൂറിസം ഉൾപ്പെടെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംരംഭകരെയും ഉൾപ്പെടുത്തി സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ കീഴിൽ ടൂറിസം ക്ഷേമനിധി ബോർഡ് ആരംഭിക്കണമെന്ന് കേരള ഹാറ്റസ് ഡയറക്ടറും കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടറുമായ എം.പി ശിവദത്തൻ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും തൊഴിൽമന്ത്രിക്കും നിവേദനം നൽകി.