പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിട്ടുള്ള നിയന്ത്രണങ്ങള്‍ പലയിടത്തും വഴിപാടായി.നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്കിനൊപ്പം കൂടുതല്‍ ആളുകളും എത്തിത്തുടങ്ങിയതോടെ സാധാരണനിലയിലാണ് എല്ലായിടത്തും തിരക്ക്.
കടകളില്‍ സാമൂഹിക അകലവും ഒക്കെ മറന്ന മട്ടാണ്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തുകളിലുണ്ടെങ്കിലും യാത്രക്കാര്‍ വളരെ കുറവാണ്.
1000 രൂപ പോലും വരുമാനം ഇല്ലാതെ ഇന്നലെ സര്‍വീസ് നടത്തിയ ബസുകളുമുണ്ടായിരുന്നു. ഇന്ധനം അടിക്കാനുള്ള പണവും ജീവനക്കാര്‍ക്കുള്ള ശമ്പളവും നല്‍കാനുള്ള വരുമാനം പോലും ഇല്ലെങ്കില്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള കുട്ടികളുടെ യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് ബസുകളോടിച്ചത്. എസ്എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന 29 ഓടെ കൂടുതല്‍ ബസുകള്‍ നിരത്തുകളില്‍ നിന്നു വിട്ടുമാറാനാണ് സാധ്യത.
വാക്സിനേഷൻ കേന്ദ്രത്തിലും തിരക്ക്
പുറത്തേക്കിറങ്ങുന്നവരില് നല്ലൊരു പങ്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്കിനു കുറവില്ല. പലയിടത്തും സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ പേരിനു മാത്രം.
കഴിഞ്ഞദിവസങ്ങളില്‍ പുലര്‍ത്തിയ ജാഗ്രത പോലീസും ഇപ്പോള്‍ കാട്ടുന്നില്ല. ഇതിനിടെ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളിലും പരിശോധനാ കേന്ദ്രങ്ങളിലുമൊക്കെ സ്ഥിതി വ്യത്യസ്തമല്ല.
ഇവിടങ്ങളിലെല്ലാം ആള്‍ക്കൂട്ടം പ്രകടമാണ്. കോവിഡ് വാക്സിനേഷനു രജിസ്ട്രേഷന് ഓണ്‍ലൈന്‍ മുഖേന ആക്കിയെങ്കിലും സ്പോട്ട് രജിസ്ട്രേഷന് കൂടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ആരോഗ്യ സ്ഥാപനങ്ങള്‍. പലയിടത്തും പുലര്‍ച്ചെ തന്നെ ആളുകള്‍ ക്യൂ നിന്ന് ടോക്കണ്‍ വാങ്ങാനാണ് ശ്രമിക്കുന്നത്.
മാസ്ക്കില്ലാതെ കച്ചവടം!
കോഴഞ്ചേരി: കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നുണ്ടെങ്കിലും ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മാസ്ക് പോലും ധരിക്കാതെ കച്ചവടം നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഉള്പ്രദേശങ്ങളിലുണ്ട്്.
പ്രധാനപ്പെട്ട ടൗണുകളില്‍ മാത്രമാണ് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും പരിശോധന നടക്കുന്നത്.കോവിഡ് ബാധിതരമായി വീടുകളില്‍ കഴിയുന്ന പലരും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയും ഉണ്ടാകുന്നുണ്ട്.
കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍ രോഗികളും ബന്ധുക്കളും കാണിച്ച ജാഗ്രത ഇപ്പോഴുണ്ടാകാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
വിവാഹം, ഗൃഹപ്രവേശം ചടങ്ങുകള്‍ ഇന്നലെ പലയിടങ്ങളിലും നടന്നു. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവുമൊക്കെ ഇവിടങ്ങളിലും പേരിനു മാത്രമായി.