തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് തലസ്ഥാന നഗരത്തിൽ ആശങ്ക പടർത്തുന്നു. നഗരഹൃദയത്തിലുള്ള പാളയത്തെ സാഫല്യം കോംപ്ലക്സ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് മേഖലകളെക്കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ്-17, വഴുതൂർ, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാർഡ്-തളയൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ്-66, പൂന്തുറ, വാർഡ്-82, വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ-27 കൂടാതെ പാളയം വാർഡ് എന്നിവയാണ് കളക്ടർ നവജോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പാളയം സാഫല്യം കോംപ്ളക്സ് പൂർണമായും അടച്ചു. പാളയം മാർക്കറ്റ് അടയ്ക്കാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടവും നഗരസഭയും.
ഉറവിടം അറിയാത ഇന്നലെ നാല് പേർക്ക് നഗരത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതാണ് തലസ്ഥാനത്ത് ആശങ്ക തുടരാൻ ഇടയാക്കിയത്. രോഗ വ്യാപനം കുറയ്ക്കുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും കോർപ്പറേഷനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി.
സാഫല്യം കോംപ്ലക്സിലെ ഒരു ഷോപ്പിലെ ആസാം സ്വദേശിയായ ജീവനക്കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സാഫല്യം കോംപ്ലക്സ് പൂർണമായും അടച്ചത്.
ജില്ലയിൽ ഉറവിടം അറിയാതെ പതിനഞ്ചിൽ പരം പേർക്ക് രോഗം ബാധിച്ചത് ആരോഗ്യപ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിൽ കൂടുതൽ ആളുകൾക്ക് രോഗം പകരാതിരിക്കാൻ ജനങ്ങൾ സർക്കാർ നൽകുന്ന മുന്നറിയിപ്പ് അനുസരിക്കണമെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.