തിരുവനന്തപുരം: തലസ്ഥാനത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് തലസ്ഥാനത്ത് 6,800 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ടിപിആർ 48 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചുവെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും.
വിവാഹ പാർട്ടികളിൽ 50 പേരിൽ കൂടുന്നത് കർശനമായി നിയന്ത്രിക്കും. സംഘനകളുടെ പൊതുയോഗം അനുവദിക്കില്ലെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായി നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തലസ്ഥാനത്ത് കോളജുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ കൂടി അടയ്ക്കണമെന്ന് സർക്കാരിന് ആരോഗ്യവിദഗ്ധർ ശിപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
രാത്രി ഒൻപതിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയണമെന്നും വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന ശിപാർശയും സർക്കാരിന് മുന്നിലുണ്ട്. ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.