മൂന്നു മാസങ്ങൾക്കു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷനും ഊർജസ്വലമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.
ജനുവരി 19-ന് 18,855 പേർക്കു കോവിഡ് സ്ഥിരീകരിച്ചശേഷം പ്രതിദിന കേസുകൾ കുറയുകയായിരുന്നു. ഇത് 10,000 -ൽ താഴെയെത്തി. രാജ്യത്ത് മഹാരാഷ്ട്രയും തൊട്ടുപിറകിൽ കേരളവുമുണ്ട്.
കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.52 ശതമാനമാണ്. എന്നാൽ, ഏപ്രിലിൽ നടക്കാൻപോകുന്ന തെരഞ്ഞെടുപ്പിനായി എല്ലാം മറന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ കോവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.
വാക്സിനിലൂടെ അതിജീവനം
ബുദ്ധിശക്തികൊണ്ട് മുൻപന്തിയിലാണെങ്കിലും ശരീരത്തിന്റെ ജൈവ-പ്രതിരോധ ശാസ്ത്രപ്രകാരം മനുഷ്യൻ ദുർബലവർഗത്തിൽപ്പെടുന്നു. അതുകൊണ്ടാണ് മറ്റു ജന്തുവർഗങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ രോഗങ്ങൾക്കടിപ്പെടുന്നത്. പ്രത്യേകിച്ചും അദൃശ്യമായ ചെറിയൊരു അണുവിന്റെ മുന്പിൽപ്പോലും മനുഷ്യൻ മുട്ടുമടക്കുന്നു.
സ്പാനിഷ് ഫ്ളൂവും വസൂരിയും പ്ലേഗും ഇപ്പോൾ കൊറോണയുമെല്ലാം ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുന്നു. അതിജീവിക്കാൻ മനുഷ്യനു തുണയായിരുന്നത് അപ്പപ്പോൾ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നുകൾ തന്നെ.
കോവിഡ്-19 വൈറസിനെ തുരത്താൻ ഇന്നു ലോകത്ത് ഏഴു വാക്സിനുകൾ ജൈത്രയാത്ര നടത്തുന്നു. 70-95 ശതമാനം വരെ പ്രതിരോധ ശക്തി ഇവ നൽകുമെന്ന് അവകാശപ്പെടുന്നു.
അതു സ്ഥിരീകരിക്കാൻ മൂന്നുഘട്ട പരീക്ഷണഫലങ്ങളുമുണ്ട്. ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16-ന് തുടങ്ങി ഒന്നരമാസം പിന്നിടുന്പോഴും പ്രതീക്ഷിച്ചതുപോലെ വേഗത്തിലല്ല ഈ യജ്ഞം മുന്നോട്ടുപോകുന്നത്.
ഒന്നാംഘട്ടത്തിൽ മൂന്നു കോടി പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിട്ടെങ്കിലും സ്വീകരിച്ചവർ 1.45 കോടി പേർ മാത്രം. കേരളത്തിൽ ഇതിനകം ഏതാണ്ട് ആറ് ലക്ഷം പേരാണു വാക്സിനെടുത്തത്.
എന്തിന് വാക്സിൻ?
രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്. കോവിഡിന്റെ അവശിഷ്ടങ്ങൾ മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളിലും മുറിവുകളുണ്ടാക്കുമെന്നു കണക്കാക്കപ്പെടുന്നു.കോവിഡ് വ്യാപനം സൃഷ്ടിക്കാൻ പോകുന്നതു “പാൻഡമിക് ജനറേഷനെ’ന്നു പുതിയ പഠനങ്ങൾ.
രാജ്യത്തെ 375 ദശലക്ഷം കുട്ടികളിൽ കോവിഡാനന്തര അവശതകൾ ഉണ്ടാകുമെന്നു റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ വാർഷിക പഠനമാണ് ഈ വസ്തുത വെളിപ്പെടുത്തിയത്.
കോവിഡ്മൂലം കുട്ടികളിൽ പോഷകാഹാരക്കുറവ്, ഭാരക്കുറവ്, പൊതുവായ ആരോഗ്യത്തിന്റെ അപര്യാപ്തത, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകുന്നു. 14 വയസിനു താഴെയുള്ള കുട്ടികളിലാണ് ഈ പ്രത്യാഘാതങ്ങൾ കൂടുതലായി കാണുന്നത്.
ആഗോളതലത്തിൽ 500 ദശലക്ഷത്തോളം കുട്ടികൾക്കാണ് സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നത്. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. 115 ദശലക്ഷത്തിലധികം പേർ ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തും.
ധൃതഗതിയിൽ വാക്സിൻ റെഡി
2020 ജനുവരിയിൽ വൈറസിന്റെ ജനിതക കോഡ് വെളിപ്പെട്ടതോടെയാണ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. സാധാരണഗതിയിൽ വർഷങ്ങളെടുത്താണു വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നത്.
മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും നടത്തുന്ന പരീക്ഷണങ്ങളുടെ ദീർഘമായ കാലഘട്ടമാണിത്. എന്നാൽ കോവിഡ്-19 മഹാമാരിയുടെ ആപത്കരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ലോകമെന്പാടും വാക്സിൻ നിർമാണം ധൃതഗതിയിൽ നടന്നു.
വൈറസുകളുടെ പ്രവർത്തനശേഷി മരവിപ്പിച്ച് അവയെ നിഷ്ക്രിയമാക്കി മനുഷ്യശരീരത്തിൽ പ്രവേശിപ്പിച്ചാൽ വൈറസിനെതിരായ ആന്റിബോഡികൾ സൃഷ്ടിക്കപ്പെടുമെന്നും ആ ആന്റിബോഡികളിലൂടെ ലഭിക്കുന്ന വർധിച്ച പ്രതിരോധ ശക്തിമൂലം തുടർന്നുള്ള രോഗാണുതീവ്രത തടയാമെന്നതുമാണ് വാക്സിനുകളുടെ ആവിർഭാഗത്തിനുള്ള അടിസ്ഥാനം.
അങ്ങനെ വൈറസിന്റെ അടിസ്ഥാന ഘടനയും ജനിതകകോഡും പഠിച്ച് അവയെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നു. വിവിധതരം വാക്സിനുകൾ വ്യത്യസ്തമായ നിർമാണ തത്വങ്ങളാണ് പിന്തുടരുന്നത്. (തുടരും) ആരോഗ്യജീവിതം.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം