പത്തനംതിട്ട: മസ്തിഷ്കാഘാതത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു കുമാറിന്റെ ഭാര്യ ദിവ്യ ആര്. നായരുടെ (38) മരണം കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിനു പിന്നാലെയുണ്ടായ പ്രശ്നങ്ങളാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം.
വാക്സിന് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുന്നവരുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന വിദഗ്ധ സമിതികള്‍ക്ക് കൈമാറുമെന്നും വിശദമായ പരിശോധനയ്ക്കുശേഷമേ കാരണം കണ്ടെത്താനാകൂവെന്നും പത്തനംതിട്ട ഡിഎംഒ ഡോ.എ.എല്‍. ഷീജ അറിയിച്ചു.
ദിവ്യയുടെ മരണത്തെ സംബന്ധിച്ചും ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിക്കും.
ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്ററുമോര്ട്ടും.കഴിഞ്ഞ രണ്ടിനാണ് ദിവ്യ വാക്സിന് സ്വീകരിച്ചത്. കടമ്മനിട്ടയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് കുത്തിവയ്പ് സ്വീകരിച്ചത്.
ഇതിനു പിന്നാലെ തലവേദന ഉണ്ടായി. ഇതു മാറാതിരുന്നതിനേ തുടര്‍ന്ന് കഴിഞ്ഞ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടായി. തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു മാറ്റി.
തലച്ചോറില്‍ രണ്ടുതവണ ശസ്ത്രക്രിയ നടത്തി. രക്തക്കുഴലിലെ തടസം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവമുണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായി നിലച്ചിരുന്നു. തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്ത്തിവരികയായിരുന്നെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു നീക്കിയിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും.രണ്ടാഴ്ച മുമ്പ് കാട്ടൂര്‍ സ്വദേശിയായ ബിരുദ വിദ്യാര്‍ഥിനി നോവ സമാനസാഹചര്യത്തില്‍ മരിച്ചിരുന്നു. വാക്സിനെടുത്തതിനേ തുടര്‍ന്നുള്ള അസ്വസ്ഥതകളാണ് മരണത്തിനു കാരണമായതെന്ന് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചും ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയതാണ്.