നെയ്റോബി: കോവിഡ് വാക്സിനേഷൻ നിരക്ക് കുറഞ്ഞതോടെ കെനിയയിൽ ജനങ്ങളെ കൊണ്ട് എതു വിധേനയും വാക്സിൻ എടുപ്പിക്കാനുള്ള ശ്രമത്തിൽ സർക്കാർ. ഡിസംബർ 21 മുതൽ രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് കെനിയൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമാകും ഡിസംബർ 21ന് ശേഷം പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാനാകൂ. സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാത്തവരെ ബാറുകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി മുത്താഹി കാഗ്വെ പറഞ്ഞു.
ഉത്സവ സീസണിന് മുന്നോടിയായി പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് വർധിപ്പിക്കാനാണ് നടപടി. കെനിയയിലെ മൊത്തം ജനസംഖ്യ ഏകദേശം 50 ദശലക്ഷമാണ്. അതിൽ 40 ശതമാനം കുട്ടികളാണ്. ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ വാക്സിനേഷൻ എടുത്തത്. ഇത് ഏകദേശം 6.4 ദശലക്ഷം ആളുകൾ വരും.
കെനിയയിലെ 20 ദശലക്ഷത്തിലധികം മുതിർന്ന ആളുകളാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്. ഇവർ ഒരു മാസത്തിനുള്ളിൽ രണ്ടു ഡോസ് വാക്സിനും എടുക്കണമെന്നാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളാല്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് നിയമം ബാധകമാവില്ല.
കെനിയയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന വാക്സിൻ ആസ്ട്രസെനാക്ക വാക്സിനുകളാണ്. രണ്ട് ഡോസ് കുത്തിവയ്പ്പിന് കുറഞ്ഞത് ആറാഴ്ചത്തെ ഇടവേള വേണം. ഈ തടസങ്ങൾ എങ്ങനെ മറികടക്കുമെന്ന് ആരോഗ്യമന്ത്രി കാഗ്വെ വിശദീകരിച്ചിട്ടില്ല.
രാജ്യത്ത് നവംബർ 26 മുതൽ 10 ദിവസത്തെ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്നും ഡിസംബർ അവസാനത്തോടെ 10 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.